സണ്ണി ഡിയോള്‍ ഗുര്‍ദാസ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കും

ഇന്ന് രാവിലെ കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Update: 2019-04-23 15:51 GMT

ചണ്ടീഗഡ്: ബോളിവുഡ് താരം സണ്ണി ഡിയോള്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കും. ചൊവ്വാഴ്ച്ച പുറത്തുവിട്ട 26ാമത് പട്ടികപ്രകാരം സോം പ്രകാശ് ഹോഷിയാര്‍പൂര്‍ സീറ്റിലും കിരണ്‍ ഖേര്‍ ചണ്ടീഗഡ് സീറ്റിലും മല്‍സരിക്കും. ഇന്ന് രാവിലെ കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തന്റെ പിതാവ് അടല്‍ജിയോട്(അടല്‍ ബിഹാരി വാജ്‌പേയി) ഒത്തു ചേര്‍ന്നതു പോലെ താനിപ്പോള്‍ മോദിജിയുമായി ചേര്‍ന്നിരിക്കുകയാണെന്ന് ഡിയോള്‍ പറഞ്ഞു.

സണ്ണി ഡിയോള്‍ കഴിഞ്ഞയാഴ്ച്ച ബിജെപി പ്രസിഡന്റ് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അപ്പോള്‍ തന്നെ അദ്ദേഹം പഞ്ചാബില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നതായി ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. സിറ്റിങ് കോണ്‍ഗ്രസ് എംപി സുനില്‍ ജാക്കറിനെതിരേയാണ് ഡിയോള്‍ മല്‍സരിക്കുന്നത്. നടന്‍ വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്ന് 2017ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ജാക്കര്‍ മണ്ഡലം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തത്. 1.83 ലക്ഷം വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് സ്വരണ്‍ സിങ് സലേറിയയെ അദ്ദേഹം മറികടന്നത്. 

Tags:    

Similar News