ശ്രീരാമന്‍ പുരാണ കഥാപാത്രമാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനവുമായി ബിജെപി

Update: 2025-05-04 17:30 GMT

ന്യൂയോര്‍ക്ക്: ശ്രീരാമന്‍ പുരാണ കഥാപാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് രാജ്യദ്രോഹിയും രാമാ ദ്രോഹിയുമായി മാറിയെന്ന് ബിജെപി വിമര്‍ശിച്ചു. ശ്രീരാമനുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ 'എല്ലാവരും പുരാണ കഥാപാത്രങ്ങളാണ്. ശ്രീരാമന്‍ അത്തരക്കാരനായിരുന്നു. അദ്ദേഹം ക്ഷമിക്കുന്നവനും കരുണയുള്ളവനുമായിരുന്നു' എന്നാണ് രാഹുല്‍ പറഞ്ഞത്.

അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് ബിജെപി നേതാക്കള്‍ ഒന്നടങ്കം രാഹുലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ശ്രീരാമന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ദേവതകളെ പുരാണ കഥാപാത്രങ്ങളായി പരാമര്‍ശിച്ചു എന്നാണ് ബിജെപി ഉയര്‍ത്തുന്ന ആരോപണം.രാഹുലിന്റെ വീഡിയോയുടെ ഒരു ഭാഗം പങ്കുവച്ച ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല, രാജ്യദ്രോഹിയായ കോണ്‍ഗ്രസ് ഇപ്പോള്‍ രാമദ്രോഹിയും ആയി മാറി എന്ന് കുറ്റപ്പെടുത്തി.