മഹാരാഷ്ട്രയിലെ പ്രതിസന്ധി രാഷ്ട്രപതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപി തന്ത്രം; മല്ലികാർജുൻ ഖാർഗെ
ശിവസേന വിട്ടുപോയാലും അഗാഡി സഖ്യം നിലനിർത്തുമെന്നാണ് കോൺഗ്രസും എൻസിപിയും നൽകുന്ന വിവരം.
മുംബൈ: മഹാരാഷ്ട്രയിലെ പ്രതിസന്ധി ബിജെപി തന്ത്രമാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. രാഷ്ട്രപതി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. മഹാരാഷ്ട്രയിലെ സർക്കാരിനെ തകർക്കാൻ ശ്രമിക്കുകയാണ്. വിമതരുമായി ചർച്ചയ്ക്ക് ശിവസേനയും ഭരണസഖ്യവും തയ്യാറാണെന്നും, കോൺഗ്രസ് മഹാ വികാസ് അഗാഡിക്ക് ഒപ്പം നിൽക്കുമെന്നും ഖാർഗെ പറഞ്ഞു.
അതിനിടെ സർക്കാരിനെ നിലനിർത്താൻ അഗാഡി സഖ്യം വിടാൻ തയ്യാറാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. കോൺഗ്രസ്-എൻസിപി സഖ്യത്തിൽ ചേർന്നതോടെ ശിവസേന ഹിന്ദുത്വ ആശയങ്ങൾ പണയപ്പെടുത്തിയെന്നായിരുന്നു വിമത നേതാവായ ഏക്‌നാഥ് ഷിൻഡെ ഉന്നയിച്ച പ്രധാന വിമർശനം.
വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം ശിവസേന തുടരുകയാണ്. 24 മണിക്കൂറിനകം മുംബൈയില്‍ മടങ്ങിയെത്താന്‍ വിമതരോട് ശിവസേന ആവശ്യപ്പെട്ടിരുന്നു. മഹാസഖ്യം ഉപേക്ഷിക്കുന്നതടക്കമുള്ള പരാതികള്‍ ചര്‍ച്ചചെയ്യാമെന്നും വിമതരുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ഉദ്ധവ് താക്കറെ തയാറാണെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
ശിവസേന വിട്ടുപോയാലും അഗാഡി സഖ്യം നിലനിർത്തുമെന്നാണ് കോൺഗ്രസും എൻസിപിയും നൽകുന്ന വിവരം. അവസാന നിമിഷം വരെ ഉദ്ധവ് താക്കറെക്കൊപ്പം നിൽക്കുമെന്നും സർക്കാരിനെ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.
