കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം: രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു

അകാലിദളിന് ശേഷം പുതിയ കാര്‍ഷിക നിയമങ്ങളെച്ചൊല്ലി എന്‍ഡിഎയില്‍നിന്ന് പുറത്തുപോവുന്ന രണ്ടാമത്തെ ബിജെപി സഖ്യകക്ഷിയാണ് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി.

Update: 2020-12-26 12:59 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായുള്ള ബന്ധം ഉപേക്ഷിച്ചു. പുതിയ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചും കര്‍ഷകരുടെ പ്രതിഷേധം കൈകാര്യം ചെയ്യുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചുമാണ് എന്‍ഡിഎ സഖ്യത്തില്‍നിന്ന് പുറത്തുപോയതെന്ന് ആര്‍എല്‍പി മേധാവി ഹനുമാന്‍ ബെനിവാള്‍ വ്യക്തമാക്കി.

അകാലിദളിന് ശേഷം പുതിയ കാര്‍ഷിക നിയമങ്ങളെച്ചൊല്ലി എന്‍ഡിഎയില്‍നിന്ന് പുറത്തുപോവുന്ന രണ്ടാമത്തെ ബിജെപി സഖ്യകക്ഷിയാണ് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി. കൊവിഡ് ബാധിതനായതിനാല്‍ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കുമ്പോള്‍ തനിക്ക് പങ്കെടുക്കാനായില്ല. തന്റെ അഭാവത്തിലാണ് നിയമങ്ങള്‍ പാസാക്കിയത്. താന്‍ പാര്‍ലമെന്റിലുണ്ടാവുമായിരുന്നുവെങ്കില്‍ അവ വലിച്ചുകീറി എറിയുമായിരുന്നു. രാജസ്ഥാനിലെ നഗൗറില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ബെനിവാള്‍. ഡല്‍ഹിയില്‍ സമരം ചെയ്യുന്നതിനായി പോവണമെന്ന് രണ്ടുലക്ഷത്തോളം കര്‍ഷകരോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

ജയ്പൂര്‍, നാഗൗര്‍, ബാര്‍മര്‍, ജോധ്പൂര്‍, രാജസ്ഥാനിലെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഷാജഹാന്‍പൂരിലേക്കുള്ള യാത്രാമധ്യേ കോട്ട്പുത്‌ലിയിലേക്ക് കര്‍ഷക പ്രസ്ഥാനത്തെ ബെനിവാളാണ് നയിച്ചത്. ഷാജഹാന്‍പൂരില്‍ നടക്കുന്ന യോഗത്തിനുശേഷം എന്‍ഡിഎയില്‍ നില്‍ക്കണോ പോവണോ എന്നത് സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 303 എംപിമാരുടെ പിന്തുണയുള്ളതിനാലാണ് കര്‍ഷകരുടെ ഇത്രയും വലിയ പ്രതിഷേധമുയര്‍ന്നിട്ടും നരേന്ദ്രമോദി സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തതെന്നും പ്രക്ഷോഭത്തിന്റെ ഭാഗമായി ഡല്‍ഹിയിലേക്ക് നീങ്ങുകയാണെന്നും ബെനിവാള്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒരുമാസമായി ആര്‍എല്‍പി എന്‍ഡിഎയില്‍നിന്ന് പുറത്തുപോവുന്നതിനായുള്ള ധാരാളം സൂചനകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് ഹനുമാന്‍ ബെനിവാള്‍ കഴിഞ്ഞ ആഴ്ചയാണ് മൂന്ന് പാര്‍ലമെന്റ് കമ്മിറ്റികളില്‍നിന്ന് രാജിവച്ചത്.

Tags: