മൂര്‍ഖന്‍ കഴുത്തില്‍ ചുറ്റിവരിഞ്ഞ് രണ്ട് മണിക്കൂര്‍; കടിയേറ്റ ആറ് വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

Update: 2021-09-16 02:36 GMT

മുംബൈ: രണ്ട് മണിക്കൂറോളം മൂര്‍ഖന്‍ പാമ്പ് കഴുത്തില്‍ ചുറ്റിവരിഞ്ഞിട്ടും പാമ്പിന്റെ കടിയേറ്റിട്ടും ആറ് വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ വാര്‍ധയില്‍ നാലുദിവസം മുമ്പാണ് സംഭവം. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പൂര്‍വ ഗഡ്കരിയെന്ന ആറുവയസുകാരിയാണ് മരണത്തെ മുഖാമുഖം കണ്ട് മണിക്കൂറുകളോളം തള്ളിനീക്കിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചിച്ചിരുന്നു. വീട്ടിനകത്ത് കിടപ്പുമുറിയില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ ചുറ്റിവരിഞ്ഞ് പത്തി വിടര്‍ത്തിനില്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.

പേടിച്ചരണ്ട കുട്ടിയോട് പാമ്പുപിടിത്തക്കാര്‍ വരുന്നതുവരെ പ്രകോപനുണ്ടാക്കാതെ കിടക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതെത്തുടര്‍ന്ന് രണ്ടുമണിക്കൂറോളമാണ് പാമ്പിനെയും ശരീരത്തില്‍ വഹിച്ച് കുട്ടി നിലത്തുകിടന്നത്. തുടര്‍ന്ന് ഒടുവില്‍ പാമ്പ് ഒഴിഞ്ഞുപോവാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി ഒന്നിളകിയപ്പോള്‍ കുട്ടിയുടെ കൈക്ക് കടിക്കുകയാണുണ്ടായത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുദിവസത്തിനുശേഷം കുട്ടി അപകടനില തരണം ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അപകടത്തിന്റെ ഉദ്വേഗജനകമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News