ബിഹാർ: തിരഞ്ഞെടുപ്പ് കമ്മീഷൻ റീകൗണ്ടിങ്ങിനുള്ള അപേക്ഷ നിരസിച്ചാൽ കോടതിയെ സമീപിക്കും: ആർ‌ജെഡി

മഹാസഖ്യത്തിന്റെ 32.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ എൻ‌ഡി‌എ 37.3 ശതമാനം വോട്ടുകൾ മാത്രമാണ് നേടിയതെന്ന് ആർ‌ജെ‌ഡി പറഞ്ഞു.

Update: 2020-11-14 11:25 GMT

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ അപാകതകളുണ്ടെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമനടപടിക്കൊരുങ്ങി ആർജെഡി. റീകൗണ്ടിങ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അപേക്ഷ നിരസിച്ചാൽ കോടതിയെ സമീപിക്കാൻ ആർജെഡി തീരുമാനിച്ചു.

പോൾ ചെയ്ത തപാൽ വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതിനാൽ ഒരു ഡസനിലധികം സീറ്റുകളിൽ നഷ്ടമായെന്ന് മഹാസഖ്യ നേതാവും ആർ‌ജെഡി നേതാവുമായ തേജശ്വി യാദവ് ആവർത്തിച്ചു. മഹാസഖ്യത്തിന്റെ 32.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ എൻ‌ഡി‌എ 37.3 ശതമാനം വോട്ടുകൾ മാത്രമാണ് നേടിയതെന്ന് ആർ‌ജെ‌ഡി പറഞ്ഞു.

എൻഡിഎ 1, 57, 00728 വോട്ടുകൾ നേടിയപ്പോൾ മഹാസഖ്യം മൊത്തം 1, 56, 88458 വോട്ടുകളാണ് നേടിയത്. 12, 270 വോട്ടുകൾ മാത്രമാണ് വ്യത്യാസം. ബാർബിഗയിൽ ജെഡി-യു സ്ഥാനാർത്ഥിക്ക് കോൺഗ്രസിനെതിരേ 113 വോട്ടുകൾക്കാണ് വിജയിക്കാൻ കഴിഞ്ഞത്. ഗോപാൽഗഞ്ചിലെ ഭോർ സീറ്റിൽ സിപിഐ(എംഎൽ) ലിബറേഷൻ സ്ഥാനാർത്ഥി ജിതേന്ദ്ര പാസ്വാൻ പരാജയപ്പെട്ടത് 462 വോട്ടുകൾക്കാണ്.

അതേസമയം പ്രതിപക്ഷ പാർട്ടികളുടെ ഇത്തരം പരാതികൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 1,000 വോട്ടുകളിൽ താഴെ ഭൂരിപക്ഷത്തിൽ വിജയം നേടിയ സീറ്റുകളുടെ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.