കരാറുകാരന്റെ കൊല: ശബ്ദസന്ദേശം ബിഹാര്‍ എംഎല്‍എയുടേത് തന്നെ

ഇദ്ദേഹത്തിന്റെ വീട്ടില്‍നടത്തിയ പോലിസ് പരിശോധനയില്‍ എകെ 47 റൈഫിളും ചില ഗ്രനേഡുകളും കണ്ടെടുത്തു. തുടര്‍ന്ന് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു.

Update: 2019-09-05 13:32 GMT

പട്‌ന: കരാറുകാരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ യുഎപിഎ പ്രകാരം അറസ്റ്റില്‍ കഴിയുന്ന ബിഹാര്‍ സ്വതന്ത്ര എംഎല്‍എ അനന്ത് സിങിന് വന്‍ തിരിച്ചടി. ഗൂഢാലോചനയ്ക്കു തെളിവായി അന്വേഷണ സംഘം സമര്‍പ്പിച്ച ശബ്ദ സന്ദേശം അനന്ത് സിങിന്റേത് തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ശബ്ദസന്ദേശം എംഎല്‍എയുടേതാണെന്നു സ്ഥിരീകരിച്ചെന്നും കൊലപാതശ്രമത്തില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രമണ്‍ വസിഷ്ഠ് പിടിഐയോട് പറഞ്ഞു. കരാറുകാരനെയും ജനതാദള്‍(യു) പ്രവര്‍ത്തകനായ സഹോദരനെയുമാണ് ഇക്കഴിഞ്ഞ ജൂലൈയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ട സഹോദരന്‍ പിന്നിലെ ആസൂത്രകന്‍ അനന്ത് സിങ് എംഎല്‍എയാണെന്നു ചൂണ്ടിക്കാട്ടി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍നടത്തിയ പോലിസ് പരിശോധനയില്‍ എകെ 47 റൈഫിളും ചില ഗ്രനേഡുകളും കണ്ടെടുത്തു. തുടര്‍ന്ന് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു. കരാറുകാരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്ന ഓഡിയോ സന്ദേശം പിടിച്ചെടുക്കുകയും ശബ്ദത്തിന്റെ സാമ്യത ഉള്‍പ്പെടെയുള്ളവ കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു.

    പരിശോധനയില്‍ എംഎല്‍എയുടേതാണെന്നു സ്ഥിരീകരിച്ചത് അന്വേഷണസംഘത്തിന് എളുപ്പമായി. എന്നാല്‍, ജെഡി(യു) നേതാക്കള്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയാണ് അറസ്റ്റ് ചെയ്തതെന്നും ബിഹാര്‍ പോലീസില്‍ തനിക്ക് വിശ്വാസമില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം. കുറ്റം ചുമത്തപ്പെട്ട് ഒരാഴ്ചയായിട്ടും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നില്ല. ഒടുവില്‍ അനന്ത് സിങ് ഡല്‍ഹിയിലെ ഒരു കോടതിയില്‍ കീഴടങ്ങുകയായിരുന്നു. നേരത്തേ, മുഖ്യമന്ത്രി നിതീഷ് കുമാറുമായി അടുപ്പമുണ്ടായിരുന്ന അനന്ത് സിങ് 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിവിട്ട് സ്വതന്ത്രനായി മല്‍സരിച്ച് മോകാമ മണ്ഡലത്തില്‍നിന്ന് ജയിക്കുകയായിരുന്നു. 'ഛോട്ടെ സര്‍ക്കാര്‍' എന്ന് വിശേഷിപ്പിക്കുന്ന അനന്ത് സിങിനെതിരേ നേരത്തെയും ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍, ബിഹാര്‍ പോലിസിനെതിരേ രംഗത്തെത്തിയ ഇദ്ദേഹത്തിന്റെ കുടുംബം സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.




Tags: