ഉച്ചവരെ എണ്ണിയത് 20% വോട്ടുകൾ മാത്രം ; ബിഹാര്‍ ഫലം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പട്‌നയിലെ ബിജെപി ആസ്ഥാനത്തും ജെഡിയു ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെങ്കിലും പിന്നീട് ഇത് നിര്‍ത്തിവെച്ചു

Update: 2020-11-10 09:12 GMT

ന്യൂഡൽഹി: നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദ പ്രകടനം നടത്തരുതെന്ന് ബിഹാറില്‍ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടികളുടെ നിര്‍ദേശം. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഫല പ്രഖ്യാപനം പൂര്‍ത്തിയാകുമ്പോള്‍ രാത്രിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിന് പിന്നാലെയാണിത്.

4.10 കോടി വോട്ടുകളാണ് ബിഹാറില്‍ പോള്‍ ചെയ്തിട്ടുള്ളത്. ഉച്ചയോടെ ഇതില്‍ ഒരു കോടി വോട്ടുകള്‍ മാത്രമേ ഇതുവരെ എണ്ണിതീര്‍ന്നിട്ടുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാല്‍ ടേബിളുകളുടെ എണ്ണം കുറവാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

നിലവിലെ ലീഡ് നിലയനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കമുള്ളത്. എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നെങ്കിലും തൊട്ടുപിന്നിലായി മഹാസഖ്യമുണ്ട്. ഗ്രാമീണ മേഖലയില്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ നിന്ന് ഫലം വരാനിരിക്കുന്നതേയുള്ളൂവെന്നും അപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുമെന്നും ആര്‍ജെഡി നേതാക്കള്‍ അറിയിച്ചു. പട്‌നയിലെ ബിജെപി ആസ്ഥാനത്തും ജെഡിയു ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെങ്കിലും പിന്നീട് ഇത് നിര്‍ത്തിവെച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ നിന്നുള്ള വിവരമനുസരിച്ച് 73 സീറ്റുകളിൽ ബിജെപിയും 68 സീറ്റുകളിൽ ആർജെഡിയും 47 സീറ്റുകളിൽ ജെഡിയുവും ലീഡ് ചെയ്യുന്നു. 19 സീറ്റിൽ കോൺ​ഗ്രസ് ലീഡ് ചെയ്യുമ്പോൾ 12 സീറ്റിൽ സിപിഐ(എംഎൽ) ലിബറേഷൻ ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ മൂന്ന് സീറ്റു മാത്രമാണ് സിപിഐ(എംഎൽ) ലിബറേഷന് നേടാനയത്. വോട്ടിങ് ശതമാനത്തിൽ 23 ശതമാനം വോട്ടുമായി ആർജെഡി തന്നെയാണ് മുന്നിൽ.