ഭഗവത് ഗീത ഒരു മതഗ്രന്ഥമല്ല; വേദാന്തവും യോഗയും മതപരമല്ല: മദ്രാസ് ഹൈക്കോടതി; ആഭ്യന്തരമന്ത്രാലയ ഉത്തരവ് തള്ളി

Update: 2025-12-24 17:31 GMT

ചെന്നൈ: ഭഗവത്ഗീത ധര്‍മശാസ്ത്രമാണെന്നും പരിശുദ്ധമായ മതഗ്രന്ഥം എന്നതിലുപരി അത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മദ്രാസ് ഹൈകോടതി. മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശ സംഭാവന ഫണ്ടുകളുടെ അടിസ്ഥാനത്തില്‍ ട്രസ്റ്റിന്റെ രജിസ്‌ട്രേഷന്‍ നിരസിച്ച വിദേശ സംഭാവന(നിയന്ത്രണ) നിയമ(എഫ്.സി.ആര്‍.എ) പ്രകാരമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ ആര്‍ഷ വിദ്യാ പരമ്പര ട്രസ്റ്റ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്റെ നിരീക്ഷണം.

ഭഗവത്ഗീത ഒരു മതഗ്രന്ഥമല്ല, മറിച്ച് ധര്‍മശാസ്ത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭഗവത്ഗീതക്ക് ബാധകമാകുന്ന കാര്യങ്ങള്‍ വേദാന്തത്തിനും ബാധകമാണ്. അത് നമ്മുടെ പൂര്‍വികര്‍ വികസിപ്പിച്ചെടുത്ത ശുദ്ധമായ തത്വചിന്തയെ പ്രതിനിധീകരിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. യോഗ എന്നത് സാര്‍വത്രികമായ ഒന്നാണ്. മതത്തിന്റെ പ്രിസത്തിലൂടെ അതിനെ കാണുന്നത് ക്രൂരമായിരിക്കും. അപേക്ഷകനെ ഒരു മതസംഘടനയില്‍ പെട്ടയാളായി കാണുന്നു എന്ന് വാദിക്കുന്നതിലൂടെ അതോറിറ്റി വ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡം പാലിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 2021ലാണ് ട്രസ്റ്റ് രജിസ്‌ട്രേഷനായ അപേക്ഷ നല്‍കിയത്. എന്നാല്‍ 2024 ഒക്ടോബറില്‍ മാത്രമാണ് അത് പരിഗണിക്കാനുള്ള നടപടികള്‍ തുടങ്ങിയതെന്നും അധികാരികള്‍ നീതിപൂര്‍വം പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നതായും അത് നല്ല ഭരണത്തിന്റെ പ്രാഥമിക തത്വമാണെന്നും കോടതി ഓര്‍മപ്പെടുത്തി.

2021 സെപ്റ്റംബറില്‍ എഫ്.സി.ആര്‍.എ നിയമ പ്രകാരമുള്ള രജിസ്‌ട്രേഷനുള്ള അപേക്ഷക്കെതിരെ പാസാക്കിയ ഉത്തരവിനെതിരെ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ആര്‍ഷ വിദ്യാ പരമ്പര ട്രസ്റ്റ് ഹരജി ഫയല്‍ ചെയ്തിരുന്നു.പ്രധാനമായും രണ്ട് കാരണങ്ങള്‍ പറഞ്ഞാണ് എഫ്.സി.ആര്‍.എ ട്രസ്റ്റിന്റെ അപേക്ഷ നിരസിച്ചത്. മതിയായ അനുമതിയില്ലാതെ ഹരജിക്കാരന് വിദേശ സംഭാവന ഫണ്ടുകള്‍ ലഭിക്കുന്നുണ്ട് എന്നായിരുന്നു അതിലൊന്ന്. ഈ വിദേശ സംഭാവന ഫണ്ടുകള്‍ മറ്റൊരു സംഘടനക്ക് സംഭാവനയായി കൈമാറ്റം ചെയ്തിട്ടുമുണ്ട്. സംഘടന മതപരമായ സ്വാഭാവത്തിലുള്ളതാണ് എന്നതായിരുന്നു രണ്ടാമത്തെ കാരണം.

തുടര്‍ന്ന് ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെടാനും തടസ്സപ്പെട്ട ഉത്തരവ് മാറ്റിവെക്കാനും നിയമപ്രകാരമുള്ള രജിസ്‌ട്രേഷനുള്ള അപേക്ഷ അംഗീകരിക്കാന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കാനും ആവശ്യപ്പെട്ട് ട്രസ്റ്റ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയില്‍ നീതിയുക്തമായ നടപടി സ്വീകരിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.ഹരജി പരിഗണിക്കവെ, സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.






Tags: