ബെംഗളൂരു കവര്‍ച്ചാക്കേസ്: ചെന്നൈയിലേക്ക് കടത്തിയ പണം കണ്ടെത്തി; പോലിസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
ബെംഗളൂരു: ബെംഗളൂരു കവര്‍ച്ചാക്കേസിലെ പണം ചെന്നൈയില്‍ നിന്ന് കണ്ടെത്തി. പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ഗോവിന്ദപുര സ്റ്റേഷനിലെ പോലിസ് കോണ്‍സ്റ്റബിളായ അപ്പണ്ണ നായക് ആണ് അറസ്റ്റിലായത്. എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണമായിരുന്നു കവര്‍ച്ച ചെയ്തത്. ആന്ധ്രയിലെ ചിറ്റൂരില്‍ നിന്ന് ചെന്നൈയിലേക്ക് പണം കടത്തുകയായിരുന്നു. അഞ്ച് പേരടങ്ങുന്നതാണ് കവര്‍ച്ച സംഘമെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു. കവര്‍ച്ച ആസൂത്രണം ചെയ്തതിന് പിന്നില്‍ പോലിസ് കോണ്‍സ്റ്റബിളായ അപ്പണ്ണ നായക് ആണെന്നാണ് പോലിസ് കണ്ടെത്തല്‍.
എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7 കോടി രൂപയാണ് കൊള്ളയടിച്ചത്. സ്വകാര്യ കമ്പനിയുടെ വാനില്‍ വന്ന് ഇറങ്ങിയവരാണ് പണം കവര്‍ന്നത്. ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് നികുതി വകുപ്പ് കവര്‍ച്ചക്കാര്‍ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവര്‍ പണവും വാനിലെ ജീവനക്കാരെയും കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജീവനക്കാരെ പിന്നീട് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ജയനഗറിലെ അശോക പില്ലറിന് സമീപമാണ് കവര്‍ച്ച നടന്നത്.