ബംഗളൂരുവില്‍ നിശാ പാര്‍ട്ടി; മലയാളി യുവതികള്‍ അടക്കം 28 പേര്‍ പിടിയില്‍

Update: 2021-09-19 07:39 GMT

ബംഗളൂരു: റിസോര്‍ട്ടില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് നിശാ പാര്‍ട്ടി നടത്തിയ മലയാളികള്‍ അടക്കം 28 പേര്‍ അറസ്റ്റിലായി. പാര്‍ട്ടി സംഘടിപ്പിച്ച ബംഗളൂരു മലയാളി അഭിലാഷും മലയാളികളായ നാല് യുവതികളും അടക്കമുള്ളവരാണ് പിടിയിലായത്. മൂന്ന് ആഫ്രിക്കന്‍ സ്വദേശികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്. അനേക്കലിലെ ഗ്രീന്‍വാലി റിസോര്‍ട്ടില്‍ ഞായറാഴ്ച രാത്രിയിലാണ് പാര്‍ട്ടി നടന്നത്. ബംഗളൂരുവിലെ ഐടി ജീവനക്കാരും കോളജും വിദ്യാര്‍ഥികളുമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.

ഉഗ്രം എന്ന പേരിലുള്ള ആപ്പിലൂടെയായിരുന്നു പാര്‍ട്ടിക്കുള്ള ടിക്കറ്റ് വിറ്റത്. പുലര്‍ച്ചെ വരെ നടന്ന പാര്‍ട്ടിക്കിടെ പോലിസെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ നിരോധിത ലഹരി വസ്തുക്കള്‍ റിസോര്‍ട്ടില്‍നിന്ന് കണ്ടെത്തി. ഏഴു കാറും 16 ബൈക്കുകളും പോലിസ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്തവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അനേക്കല്‍ പോലിസ് അറിയിച്ചു. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗ്രീന്‍വാലി റിസോര്‍ട്ട്. ഇയാള്‍ ഒളിവില്‍ പോയതായാണ് റിപോര്‍ട്ട്.

Tags: