ബെംഗളൂരുവില്‍ മലയാളി സിഇഒ ഉള്‍പ്പെടെ രണ്ടുപേരെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍

മുഖ്യപ്രതി ശബരീഷ് സ്ഥാപനത്തിന്റെ മുന്‍ ജീവനക്കാരനാണ്.

Update: 2023-07-12 07:32 GMT

ബെംഗളൂരു: കര്‍ണ്ണാടകയില്‍ മലയാളി സിഇഒ ഉള്‍പ്പെടെ രണ്ടുപേരെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. മുഖ്യപ്രതി ജോക്കര്‍ ഫെലിക്‌സ് എന്ന ശബരീഷ് കൂട്ടാളികളായ സന്തോഷ്, വിനയ് റെഡ്ഡി എന്നിവരെ കുനിഗലില്‍ നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ചയാണ് സ്ഥാപനത്തിന്റെ മുന്‍ജീവനക്കാരനായ ശബരീഷ് 'എയറോണിക് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്' മാനേജിംഗ് ഡയറക്ടര്‍ പനീന്ദ്ര സുബ്രഹ്‌മണ്യനെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനു കുമാറിനെയും വെട്ടി കൊലപ്പെടുത്തിയത്.

അമൃതഹള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അഞ്ച് ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. ടവര്‍ ഡംപ്, കോള്‍ ഡാറ്റ എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് വഴിവച്ചത്. സ്ഥാപനത്തിന്റെ സിഇഒയുമായും എംഡിയുമായും പ്രതികള്‍ക്ക് ശത്രുതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. മുഖ്യപ്രതി ശബരീഷ് സ്ഥാപനത്തിന്റെ മുന്‍ ജീവനക്കാരനാണ്. പിന്നീട് ഇയാള്‍ കമ്പനിയില്‍ നിന്ന് രാജിവച്ച് സ്വന്തമായി പുതിയൊരു സംരംഭം തുടങ്ങുകയായിരുന്നു.

ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. അമൃതഹള്ളിയിലെ പമ്പ എക്സ്റ്റന്‍ഷനിലുള്ള കമ്പനിയുടെ ഓഫീസിലേക്ക് കത്തിയും വാളുമായി ശബരീഷ് അതിക്രമിച്ചു കയറി. എംഡിയുടെ ക്യാബിനില്‍ 30 മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം എംഡിയെയും സിഇഒയെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്, ഫെലിക്സ് കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്ന് മതിലില്‍ നിന്ന് ചാടി രക്ഷപ്പെട്ടതായി നോര്‍ത്ത് ഈസ്റ്റ് ഡിസിപി ലക്ഷ്മി പ്രസാദ് പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇരുവരും മരിച്ചത്.