ബെംഗളൂരുവിലെ ഫുഡ് ഡെലിവറി ജീവനക്കാരന്റെ മരണം കൊലപാതകം; മലയാളി ദമ്പതികളെ പോലിസ് അറസ്റ്റ് ചെയ്തു

Update: 2025-10-30 07:47 GMT

ബെംഗളുരു: ബെംഗളൂരുവില്‍ ഭക്ഷണ വിതരണ ജീവനക്കാരനായ ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ മലയാളികളായ ദമ്പതികളെ പോലിസ് അറസ്റ്റ് ചെയ്തു. കളരിപ്പയറ്റ് പരിശീലകനായ മനോജ്കുമാര്‍ (32), ഭാര്യ ആരതി ശര്‍മ (30) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത് . ഒക്ടോബര്‍ 25 ന് പുട്ടണ ഹള്ളി വച്ചായിരുന്നു ദര്‍ശന്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്.

ആദ്യം പോലിസ് സംഭവം റോഡപകടം ആണെന്നാണ് കരുതിയത് . എന്നാല്‍ അടുത്തുള്ള സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകം കണ്ടെത്തിയത്. ബൈക്ക് കാറിന്റെ കണ്ണാടിയില്‍ തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനൊടുവില്‍, മാപ്പ് പറഞ്ഞ് ദര്‍ശന്‍ ഭക്ഷണ വിതരണത്തിനായി പോകുകയായിരുന്നു. എന്നാല്‍ മനോജ് കുമാര്‍ ബൈക്കിനെ പിന്തുടര്‍ന്നു.

അമിത വേഗത്തില്‍ കാര്‍ ബൈക്കിന്റെ പിന്നില്‍ ഇടിച്ചു. നാട്ടുകാര്‍ ദര്‍ശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദര്‍ശന്റെ സഹോദരി ജെപി നഗര്‍ ട്രാഫിക് പോലിസില്‍ പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് സംഭവസ്ഥലത്തെ സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് അപകടത്തിന് മിനിട്ടുകള്‍ക്കു മുന്‍പ് ബൈക്ക് യാത്രക്കാരനുമായി ദമ്പതികള്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ബൈക്കില്‍ ഇടിച്ചപ്പോള്‍ ഇളകി വീണ കാറിന്റെ ചില ഭാഗങ്ങള്‍ എടുക്കാനായി ഇരുവരും തിരികെ സ്ഥലത്തെത്തിയതും സിസിടിവിയില്‍ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്.