തെരുവുനായകള്‍ക്ക് 'ഇറച്ചിയും ചോറും'; പുതിയ പദ്ധതിയുമായി ബംഗളൂരു കോര്‍പ്പറേഷന്‍
ബംഗളൂരു: തെരുവുനായകള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനായുള്ള പദ്ധതി നടപ്പാക്കുമെന്ന് ബംഗളൂരു കോര്‍പ്പറേഷന്‍. ദിവസം ഒരു നേരം കോഴിയിറച്ചിയും ചോറും നല്‍കാനാണ് തീരുമാനം. ഓരോ നായയ്ക്കു 150 ഗ്രാം ഇറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയില്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് പദ്ധതി പ്രകാരം നല്‍കുക.5000 തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കാനാണ് കോര്‍പ്പറേഷന്റെ നീക്കം.
ഒരു നായയ്ക്ക് ഭക്ഷണം നല്‍കുന്നതിനായി 22.42 രൂപയാണ് ഒരു ദിവസം കോര്‍പ്പറേഷന് ചെലവ്. ഒരു വര്‍ഷത്തേക്ക് ഈ പദ്ധതിക്കായി മാത്രം 2.9 കോടി രൂപയാണ് കോര്‍പ്പറേഷന്‍ നീക്കി വച്ചിരിക്കുന്നത്. മുന്‍പ് തെരുവുനായകള്‍ക്ക് കോര്‍പ്പറേഷന്‍ ഭക്ഷണം നല്‍കിയിരുന്നെങ്കിലും ഇറച്ചി നല്‍കാന്‍ തീരുമാനിക്കുന്നത് ആദ്യമായാണ്.
ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങളും മൃഗസംരക്ഷണ മാര്‍ഗരേഖയും അനുസരിച്ചാണ് പദ്ധതി. ശരിയായ അളവില്‍ ഭക്ഷണം നല്‍കുന്നതിലൂടെ തെരുവുനായകളിലെ അക്രമാസക്തി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും കോര്‍പ്പറേഷന്‍ സ്‌പെഷല്‍ കമ്മിഷണര്‍ സുരാല്‍കര്‍ വ്യാസ് പറയുന്നു. കോര്‍പ്പറേഷന്‍ തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.