രണ്ടുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു; ബംഗളൂരുവില്‍ പാര്‍പ്പിട സമുച്ഛയം അടച്ചുപൂട്ടി

രോഗികളുമായുള്ള പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായി കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ പ്രതികരിച്ചു.

Update: 2020-12-30 13:30 GMT

ബംഗളൂരു: ബ്രിട്ടനില്‍ മൂന്നുമാസം മുമ്പ് കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊവിഡ് രണ്ടുപേര്‍ക്ക് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ പാര്‍പ്പിട സമുച്ഛയം അടച്ചുപൂട്ടി. പാര്‍പ്പിട സമുച്ഛയത്തില്‍ താമസിക്കുന്ന ഒരു മാതാവിനും മകള്‍ക്കുമാണ് വകഭേദം സംഭവിച്ച വൈറസ് കണ്ടെത്തിയത്. ബ്രിട്ടനില്‍നിന്ന് അടുത്തിടെ നൂറോളം യാത്രക്കാര്‍ക്കൊപ്പമാണ് ഇവര്‍ മടങ്ങിയെത്തിയത്. ഇവരെ സര്‍ക്കാര്‍ നടത്തുന്ന വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. രോഗികളുമായുള്ള പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായി കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ പ്രതികരിച്ചു. അതേസമയം, പാര്‍പ്പിട സമുച്ഛയം പൂര്‍ണമായും അടച്ചിടുന്നതിനോട് മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിന്റെ ഭാഗമായി തുടക്കത്തില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കേണ്ടത് ആവശ്യമാണ്. ഒരേ ഫ്‌ളാറ്റിലാണ് അമ്മയും മകളും താമസിച്ചിരുന്നത്. അതുകൊണ്ട് ഇത് അടച്ചിട്ടിരിക്കുകയണ്. ഇത് പൂര്‍ണമായും സീല്‍ വച്ചുവെന്ന് പറയാനാവില്ല. നിലവിലെ പ്രോട്ടോക്കോളുകള്‍ അനുസരിച്ചാണ് മുന്നോട്ടുപോവുന്നത്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് അതീവ ആക്രമണകാരിയാണ്. സമീപവാസികള്‍ക്ക് വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലുകളാണ് ഉറപ്പുവരുത്തുന്നതെന്ന് ഡോ. സുധാകര്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസ് ബാധിച്ച ഏഴ് കേസുകളാണ് കര്‍ണാടകയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

ബംഗളൂരു മെട്രോപൊളിറ്റന്‍ മേഖലയില്‍ മൂന്ന് കേസുകളും ശിവമോഗ ജില്ലയില്‍ നാല് കേസുകളുമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം യുകെയില്‍നിന്ന് മടങ്ങിയെത്തിയ 20 പേരുടെ സാംപിളുകളില്‍നിന്നാണ് ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്ഥിതി ഗുരുതരമല്ലെന്നും ചികില്‍സ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ യുകെയില്‍നിന്നോ മറ്റേതെങ്കിലും രാജ്യങ്ങളില്‍നിന്നോ മടങ്ങിയെത്തിയ എല്ലാവവരുംും സ്വയം പരിശോധനയ്ക്ക് വിധേയരാവണമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അഭ്യര്‍ഥിച്ചു.

Tags:    

Similar News