നടനും തൃണമൂല്‍ മുന്‍ എംപിയുമായ തപസ് പാല്‍ അന്തരിച്ചു

വിവാദമായ റോസ് വാലി ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ തപസ് പാലിനെ 2016 ഡിസംബറില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

Update: 2020-02-18 09:39 GMT

കൊല്‍ക്കത്ത: ബംഗാളി നടനും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയുമായ തപസ് പാല്‍ (61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം.

മകളെ കാണാന്‍ മുംബൈയിലെത്തിയ തപസ് പാല്‍ കൊല്‍ക്കത്തിയിലേക്ക് മടങ്ങാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപതിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരണം സംഭവിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തപസ് പാല്‍ ചികില്‍സയിലായിരുന്നു. കൃഷ്ണനഗറില്‍ നിന്ന് രണ്ട് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അലിപോറില്‍ നിന്നാണ് എംഎല്‍എയായി ജയിച്ചത്.

വിവാദമായ റോസ് വാലി ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ തപസ് പാലിനെ 2016 ഡിസംബറില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. 13 മാസത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

നിരവധി ബംഗാളി സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ആരാധകരുടെ ഇഷ്ട താരമായിരുന്നു. 1980ല്‍ പുറത്തിറങ്ങിയ ദാദര്‍ കീര്‍ത്തിയാണ് ആദ്യ ചിത്രം. സാഹിബ് (1981), പരബത് പ്രിയ (1984), ഭലോബാസ ഭലോബാസ (1985), അനുരാഗര്‍ ചോയന്‍ (1986), അമര്‍ ബന്ധന്‍ (1986) എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. സാഹിബ് എന്ന ചിത്രത്തിന് ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ അഭിനയിച്ച തപസ് പാല്‍ 1984ല്‍ ബോളിവുഡിലെത്തി. ഇതിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായത്.

Tags:    

Similar News