കൊല്‍ക്കത്ത: ബംഗാളില്‍ തൊഴില്‍ സഹമന്ത്രി സക്കീര്‍ ഹുസൈന് നേരേ ബോംബാക്രമണം. മുര്‍ഷിദാബാദ് ജില്ലയിലെ നിംതിതാ റെയില്‍വേ സ്റ്റേഷന് സമീപത്താണ് ബോംബേറുണ്ടായത്. ഇന്ന് രാത്രി 9.45 ഓടെയായിരുന്നു സംഭവം. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമല്ല. ഒന്നിലേറെ ബോംബുകള്‍ എറിഞ്ഞുവെന്നാണ് റിപോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം വരവെയാണ് ആക്രമണമുണ്ടായത്.
ഇടതുകാലിന് പരിക്കേറ്റ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെയായും പോലിസ് ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് യാതൊരു വിവരവം പുറത്തുവിട്ടിട്ടില്ല. ഹുസൈനെ ജംഗിപൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചതായും കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നും ടിഎംസിയുടെ മുര്‍ഷിദാബാദ് ജില്ലാ യൂനിറ്റ് പ്രസിഡന്റ് അബു താഹര്‍ഖാന്‍ പറഞ്ഞു. കാലിന് നിരവധി തുന്നലുകളുണ്ട്. അദ്ദേഹത്തിന് ധാരാളം രക്തം നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നും ഖാന്‍ ആരോപിച്ചു.
അടുത്ത കാലത്ത് ബംഗാളില്‍ മന്ത്രിക്ക് നേരെ ആക്രമണം നടത്തിയ ആദ്യസംഭവമാണിത്. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ഹുസൈന്‍ തൃണമൂലില്‍ ചേരുകയും 2016 ല്‍ ജംഗിപൂര്‍ നിയമസഭയില്‍നിന്ന് വിജയിക്കുകയും ചെയ്തിരുന്നു. അതേസമയം, മുര്‍ഷിദാബാദ് കുറ്റവാളികളുടെ സങ്കേതമായി മാറിയെന്ന ആരോപണം ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് തള്ളി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തൃണമൂലിലെ തര്‍ക്കത്തിന്റെ ഇരയാണ് മന്ത്രിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുക.
