മമത സഞ്ചരിച്ച വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവം; റിപോര്‍ട്ട് തേടി ബംഗാള്‍ സര്‍ക്കാര്‍

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് (ഡിജിസിഎ) ആണ് റിപോര്‍ട്ട് തേടിയത്.

Update: 2022-03-05 17:32 GMT

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ റിപോര്‍ട്ട് തേടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് (ഡിജിസിഎ) ആണ് റിപോര്‍ട്ട് തേടിയത്.

വെള്ളിയാഴ്ച വൈകീട്ട് വാരണാസിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങുമ്പോഴാണ് മമത സഞ്ചരിച്ച വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനത്തിന്റെ റൂട്ടിന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നോ എന്ന കാര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ജിസിഡിഎയില്‍ നിന്ന് തേടിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ജിസിഡിഎ വ്യക്തമാക്കി.

മമതാ ബാനര്‍ജി സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ശക്തമായി കുലുങ്ങിയിരുന്നു. സംഭവത്തില്‍ മമതാ ബാനര്‍ജിക്ക് മുതുകില്‍ പരിക്കേറ്റു. ആകാശച്ചുഴിയില്‍ നിന്ന് പുറത്തു കടന്ന വിമാനം നേതാജി സുഭാഷ് ചന്ദ്ര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. രണ്ട് ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ ഉള്‍പ്പെടെ പരമാവധി 19 പേരെ വഹിക്കാന്‍ ശേഷിയുള്ള 10.3 ടണ്‍ ഭാരം കുറഞ്ഞ വിമാനമായ ദസ്സാള്‍ട്ട് ഫാല്‍ക്കണ്‍ 2000 എന്ന വിമാനത്തിലാണ് മമത യാത്ര ചെയ്തത്.

അതിനിടെ, മുഖ്യമന്ത്രിക്കായി സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഫാല്‍ക്കണ്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സംഭവം ഗുരുതരമാണെന്നും മുഖ്യമന്ത്രിക്ക് ഭീഷണിയുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖര്‍ റോയ് വ്യക്തമാക്കി.


Tags:    

Similar News