ബംഗാളിലെ സംഘര്‍ഷം: ആഭ്യന്തര വകുപ്പ് റിപോര്‍ട്ട് നല്‍കിയില്ല; ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവര്‍ണര്‍

Update: 2021-05-08 09:47 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വോട്ടെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയസംഘര്‍ഷത്തില്‍ ഗവര്‍ണറും മമത ബാനര്‍ജി സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. സംഘര്‍ഷത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇനിയും റിപോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കര്‍ ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴിന് മുമ്പ് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തണമെന്നാണ് നിര്‍ദേശം. വോട്ടെടുപ്പിന് ശേഷമുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന പാലനത്തെക്കുറിച്ച് തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ചീഫ് സെക്രട്ടറി പരാജയപ്പെട്ടെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

സംസ്ഥാന ഡിജിപിയുടെയോ കൊല്‍ക്കത്ത പോലിസ് കമ്മീഷണറുടെയോ റിപോര്‍ട്ടുകള്‍ ആഭ്യന്തര സെക്രട്ടറി സമര്‍പ്പിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യതിചലിക്കുന്നതിന് നിര്‍ഭാഗ്യകരമാണ്. വോട്ടെടുപ്പിനുശേഷം സംസ്ഥാനം അക്രമങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ഭരണഘടനാ തലവന് ഇതുസംബന്ധിച്ച് ഒരു വിവരവുമില്ല. ഇത് അവഗണിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പശ്ചിമ ബംഗാളിലെ സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയ സംഘം സര്‍ക്കാരിന് ഉടന്‍ റിപോര്‍ട്ട് നല്‍കുമെന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയം അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സെക്രട്ടേറിയറ്റിലെത്തി സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാളില്‍ മെയ് രണ്ടിനുശേഷം തൃണമൂല്‍- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 16 പേരാണു മരിച്ചത്. നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടും കൈമാറാത്ത പശ്ചാത്തലത്തിലാണ് പ്രത്യേകസംഘത്തെ അന്വേഷണത്തിനായി ബംഗാളിലേക്ക് അയച്ചത്.

Tags: