കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തില്‍ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും പങ്കെടുക്കില്ല

ബംഗാളിലെ ക്രമസമാധാന നില സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉന്നതതല യോഗം വിളിച്ചത്.

Update: 2020-12-11 17:24 GMT

കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിനുനേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ബംഗാളിലെ ക്രമസമാധാന നില ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും പങ്കെടുക്കില്ല. തിങ്കളാഴ്ചയാണ് യോഗം.

സെഡ് കാറ്റഗറി സുരക്ഷയുള്ള പ്രമുഖര്‍ക്കുനേരെ ആക്രമണം ഉണ്ടായ സാഹചര്യമടക്കം ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉന്നതതല യോഗം വിളിച്ചത്. എന്നാല്‍ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ ഒരുക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായ് കേന്ദ്രത്തിനയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  

ബംഗാളിലെ ക്രമസമാധാന നില സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉന്നതതല യോഗം വിളിച്ചത്. കൊല്‍ക്കത്തയ്ക്ക് അടുത്തുവച്ച് വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ജെപി നദ്ദയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. ഇഷ്ടികയും കല്ലും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമം നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്.

സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് കേസുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആറ് മാസത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബിജെപിയുടെ ഗൂഢാലോചനയണ് ആക്രമണത്തിന് പിന്നിലെന്നും തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരേ അവര്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നത്.