'ദലിത് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നത് ആത്മീയ തീര്‍ഥാടനം'; അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ
ഭോപാല്‍: ദലിത് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നത് ആത്മീയ സൗഖ്യത്തിന് സമാനമാണെന്ന വിവാദ പരാമര്‍ശവുമായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ. മധ്യപ്രദേശിലെ ഭന്തര്‍ എംഎല്‍എ ഫൂല്‍ സിങ് ബരയ്യയാണ് സ്ത്രീകളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. രുദ്രയമാല്‍ തന്ത്ര എന്ന പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. ചില ജാതികളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തീര്‍ത്ഥാടനത്തിന് തുല്യമായ ആത്മീയ സാഹചര്യം നല്‍കും എന്ന് കുറ്റവാളികള്‍ വിശ്വസിക്കുന്നു എന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എയുടെ പ്രതികരണത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
സ്ത്രീകളുടെ സൗന്ദര്യം ബലാല്‍സംഗത്തിന് കാരണമാകുന്നു എന്നും എംഎല്‍എ പറയുന്നു. 'ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബലാല്‍സംഗത്തിന് ഇരയാകുന്നത് ആരാണ്? പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളാണ്. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ സുന്ദരികളല്ലെങ്കിലും പുരാണ ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങള്‍ മൂലമാണ് അവര്‍ ബലാല്‍സംഗത്തിന് ഇരയാകുന്നത്. സുന്ദരിയായ ഒരു പെണ്‍കുട്ടി പുരുഷന്റെ മനസ്സിനെ വ്യതിചലിപ്പിക്കും. ഇത് ബലാല്‍സംഗത്തിന് പ്രേരണയാകും എന്നതാണ് ബലാല്‍സംഗത്തിന്റെ സിദ്ധാന്തം എന്നും എംഎല്‍എ പറഞ്ഞു.
ബരയ്യയുടെ പരാമര്‍ശത്തിന് എതിരെ വ്യാപക വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മധ്യപ്രദേശ് സന്ദര്‍ശനത്തിന് തൊട്ട് മുന്‍പ് എംഎല്‍എ നടത്തിയ പരാമര്‍ശം പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
