വാതുവയ്പില്‍ ബന്ധമെന്ന് വാര്‍ത്ത; ദിവ്യ സ്പന്ദനയ്ക്കു ഏഷ്യാനെറ്റ് അര കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

സ്‌പോട്ട് ഫിക്‌സിങ്, മാച്ച് ഫിക്‌സിങ് തുടങ്ങിയ വിവാദങ്ങളില്‍ ദിവ്യ സ്പന്ദനയുടെ പേര് പരാമര്‍ശിക്കുന്ന ഒരു വാര്‍ത്തയും നല്‍കരുതെന്നും കോടതി നിര്‍ദേശം നല്‍കി

Update: 2019-05-08 16:24 GMT

ബെംഗളൂരു: 2013ലെ ഐപിഎല്‍ വാതുവയ്പുമായി ബന്ധമുണ്ടെന്ന വിധത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിനു കോണ്‍ഗ്രസ് നേതാവും ചലച്ചിത്ര താരവുമായ ദിവ്യ സ്പന്ദനയ്ക്ക് ഏഷ്യാനെറ്റും സുവര്‍ണ ന്യൂസും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ബെംഗളുരു അഡീഷനല്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2013 മെയില്‍ നല്‍കിയ വാര്‍ത്തയില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന ദിവ്യ സ്പന്ദനയുടെ ചിത്രവും നല്‍കിയതിനെതിരേയാണ് ദിവ്യ സ്പന്ദന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഇതിന്‍മേലാണ് സുവര്‍ണ ന്യൂസ് അര കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്. സുവര്‍ണ ന്യൂസിലെ വാര്‍ത്തയില്‍ പറയുന്ന ആരോപണവുമായി ദിവ്യ സ്പന്ദനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നു കണ്ടെത്തിയ കോടതി സ്‌പോട്ട് ഫിക്‌സിങ്, മാച്ച് ഫിക്‌സിങ് തുടങ്ങിയ വിവാദങ്ങളില്‍ ദിവ്യ സ്പന്ദനയുടെ പേര് പരാമര്‍ശിക്കുന്ന ഒരു വാര്‍ത്തയും നല്‍കരുതെന്നും കോടതി നിര്‍ദേശം നല്‍കി.




Tags:    

Similar News