പശ്ചിമബംഗാള്‍ കേസ് ഇന്ന് സുപ്രിംകോടതിയില്‍; സിബിഐയുടെ ഹരജികള്‍ പരിഗണനയ്ക്ക്
തിങ്കളാഴ്ച ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രിംകോടതി നിരസിച്ചിരുന്നു. അന്വേഷണവുമായി മുന്നോട്ടുപോവാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നാണ് സിബിഐയുടെ ആവശ്യം. ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പല രേഖകളും കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐ ആരോപിക്കുന്നത്. അതിന് പോലിസ് കമ്മീഷണറെ ചോദ്യംചെയ്യണമെന്നും സിബിഐ ആവശ്യപ്പെടുന്നു.
ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പുകേസിലെ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് മമതാ സര്‍ക്കാരിനെതിരേയും പോലിസിനെതിരേയും സിബിഐ നല്‍കിയ ഹരജികള്‍ ഇന്ന് രാവിലെ 10.30ന് സുപ്രിംകോടതി പരിഗണിക്കും. തിങ്കളാഴ്ച ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രിംകോടതി നിരസിച്ചിരുന്നു. അന്വേഷണവുമായി മുന്നോട്ടുപോവാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നാണ് സിബിഐയുടെ ആവശ്യം. ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പല രേഖകളും കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐ ആരോപിക്കുന്നത്. അതിന് പോലിസ് കമ്മീഷണറെ ചോദ്യംചെയ്യണമെന്നും സിബിഐ ആവശ്യപ്പെടുന്നു.
പോലിസ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കാന്‍ ഇന്നലെ സിബിഐയോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. തെളിവ് ഹാജരാക്കിയാല്‍ ശക്തമായ നടപടി പോലിസ് കമ്മീഷണര്‍ക്കെതിരേ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചുവന്ന ഡയറിയും പെന്‍ഡ്രൈവും കാണാനില്ലെന്നാണ് സിബിഐ കോടതിയില്‍ പറഞ്ഞത്. എന്നാല്‍, സിബിഐ നല്‍കിയ ഹരജിയില്‍ ആരോപണത്തില്‍ പറയുന്ന വിവരങ്ങളൊന്നുമില്ലെന്ന് സൂപ്രിംകോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ എന്ത് തെളിവാണുള്ളതെന്നും അത് എങ്ങനെ നശിപ്പിച്ചെന്നും സിബിഐയ്ക്ക് കോടതിയെ ബോധ്യപ്പെടുത്തേണ്ടിവരും. പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ക്കുമെതിരേ കോടതി അലക്ഷ്യ ഹരജിയും സിബിഐ നല്‍കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ബംഗാള്‍ പോലിസ് കമ്മീഷണറെ ചോദ്യംചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ മമതയും കേന്ദ്രവും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേസിലെ സുപ്രിംകോടതിയുടെ തീരുമാനം നിര്‍ണായകമാണ്. ബംഗാളിനെ തകര്‍ക്കുന്നുവെന്നാരോപിച്ച് നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ ആരംഭിച്ച സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

