രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റര്‍ പരിധിയില്‍ മാംസാഹാര വിതരണത്തിനും വിലക്ക്
ലഖ്‌നൗ: അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിന് ചുറ്റുമുള്ള നിശ്ചിത പരിധിയില്‍ മാംസാഹാര വിതരണത്തിന് അധികൃതര്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ്. മുന്‍പ് തന്നെ ഇത്തരമൊരു നിര്‍ദേശം നിലവില്‍ ഉണ്ടെങ്കിലും മാംസാഹാരം കര്‍ശനമായി നിരോധിക്കാനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
നേരത്തേ, കെഎഫ്സി പോലുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വില്‍ക്കാന്‍ തയ്യാറാണെങ്കില്‍ അനുമതി നല്‍കാമെന്ന് അധികൃകര്‍ വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റര്‍ ചുറ്റളവിലാണ് വെള്ളിയാഴ്ച മുതല്‍ മാംസാഹാരം വിതരണം ചെയ്യുന്നതിന് അയോധ്യ ഭരണകൂടം കര്‍ശന വിലക്കേര്‍പ്പെടുത്തിയത്. 'പഞ്ചകോശി പരിക്രമ' പാതയ്ക്ക് കീഴിലുള്ള മേഖലകളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ കര്‍ശന നടപടി.
അയോധ്യയിലെ ചില ഹോട്ടലുകളും ഹോംസ്റ്റേകളും അതിഥികള്‍ക്ക് മാംസാഹാരവും മദ്യവും നല്‍കുന്നതായി റിപോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 'രാം പഥില്‍' മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പന നിരോധിക്കാന്‍ 2025 മെയ് മാസത്തില്‍ അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു.നിരോധനം നിലവിലുണ്ടായിരുന്നിട്ടും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി വിനോദസഞ്ചാരികള്‍ക്ക് മാംസാഹാരം വിതരണം ചെയ്യുന്നത് തുടരുന്നതായി പരാതികള്‍ ലഭിച്ചതായി അസിസ്റ്റന്റ് ഫുഡ് കമ്മീഷണര്‍ മണിക് ചന്ദ്ര സിംഗ് സ്ഥിരീകരിച്ചു.
ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ വഴിയുള്ള മാംസാഹാര വിതരണത്തിന് ഇപ്പോള്‍ ഔദ്യോഗികമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ഹോട്ടലുകള്‍ക്കും കടയുടമകള്‍ക്കും ഡെലിവറി കമ്പനികള്‍ക്കും ഈ നിര്‍ദ്ദേശം കൈമാറിക്കഴിഞ്ഞു.
