ബാബരി വിധി: പോപുലര്‍ ഫ്രണ്ട് പുനപ്പരിശോധനാ ഹരജി നല്‍കി

പരമോന്നത കോടതിയില്‍നിന്ന് ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ള നീതി ലഭ്യമാവണമെന്നാണ് ഹരജിയിലെ ആവശ്യം. ബാബരി മസ്ജിദിനുനേരേ രണ്ടുതവണ വിധ്വംസകപ്രവര്‍ത്തനം നടത്തിയെന്ന് വിധിന്യായത്തില്‍ സുപ്രിംകോടതി അസന്നിഗ്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്.

Update: 2019-12-10 17:07 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് വിധിക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉത്തരമേഖലാ സെക്രട്ടറി അനിസ് അന്‍സാരി പുനപ്പരിശോധനാ ഹരജി ഫയല്‍ ചെയ്തു. നവംബര്‍ 15, 16 തിയ്യതികളില്‍ നടന്ന സംഘടനയുടെ നാഷനല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. പരമോന്നത കോടതിയില്‍നിന്ന് ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ള നീതി ലഭ്യമാവണമെന്നാണ് ഹരജിയിലെ ആവശ്യം. ബാബരി മസ്ജിദിനുനേരേ രണ്ടുതവണ വിധ്വംസകപ്രവര്‍ത്തനം നടത്തിയെന്ന് വിധിന്യായത്തില്‍ സുപ്രിംകോടതി അസന്നിഗ്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം 1949ല്‍ മസ്ജിദ് അശുദ്ധമാക്കുകയും മധ്യതാഴികക്കൂടത്തിന് കീഴില്‍ വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു.

രണ്ടാമതായി 1992ല്‍ ഹിന്ദുത്വ അക്രമികളുടെ നേതൃത്വത്തില്‍ പള്ളി തകര്‍ക്കുകയുമുണ്ടായി. എന്നാല്‍, ഈ വസ്തുതകള്‍ പരിഗണിക്കാതെ ബാബരി മസ്ജിദില്‍ അതിക്രമിച്ചുകടക്കുകയും പിന്നീട് തകര്‍ക്കുകയും ചെയ്ത കുറ്റവാളിക്കള്‍ക്കുതന്നെ ഭൂമി കൈമാറാനാണ് കോടതി തീരുമാനിച്ചത്. കോടതി നിരീക്ഷിച്ചതും സ്ഥിരീകരിച്ചതുമായ വസ്തുതകള്‍ക്ക് വിപരീതമാണ് നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങളെന്നും അതുകൊണ്ട് ഇത് പുനപ്പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ക്രിമിനല്‍ നിയമസംഹിതയിലെ അടിസ്ഥാനതത്വത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് കോടതി വിധി. ഒരു കുറ്റവാളിക്ക് അയാള്‍ ചെയ്ത കുറ്റകൃത്യത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നേട്ടമുണ്ടാക്കാന്‍ അനുവദിക്കരുത്. പുനപ്പരിശോധനാ ഹരജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്നും ഇപ്പോഴത്തെ വിധിയും 2010ലെ അലഹബാദ് ഹൈക്കോടതി വിധിയും റദ്ദുചെയ്ത് സുപ്രിംകോടതി വിധിപ്രകാരം തുടര്‍നടപടിയെടുക്കുന്നതില്‍നിന്നും കേന്ദ്രസര്‍ക്കാരിനെ വിലക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

പോപുലര്‍ഫ്രണ്ട് തുടക്കം മുതല്‍ ബാബരി മസ്ജിദിന്റെ നീതിക്കായി ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്ന് പോപുലര്‍ ഫ്രണ്ട് നാഷനല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം അഡ്വ. മുഹമ്മദ് യൂസുഫ് ചൂണ്ടിക്കാട്ടി. 2011ല്‍ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹരജിയില്‍ പോപുലര്‍ ഫ്രണ്ട് കക്ഷിചേരാന്‍ അപേക്ഷിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അലഹബാദ് ഹൈക്കോടതിയില്‍ കേസില്‍ കക്ഷിയായിരുന്നില്ലെന്ന പേരില്‍ ആ ഹരജി സ്വീകരിച്ചില്ല. ശബരിമല വിധിക്കുശേഷം വിഷയം ബാധിക്കുന്ന നിരവധി ഭക്തരുടെ പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാബരി മസ്ജിദ് കേസില്‍ യഥാര്‍ഥ കക്ഷികളോടൊപ്പം വിഷയം ബാധിക്കുന്ന കക്ഷികളുടെയും അപേക്ഷ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News