ബാബരി മസ്ജിദ് കേസ്: വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള വിധി പ്രതീക്ഷിക്കുന്നു- പോപുലര്‍ ഫ്രണ്ട്

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം കൂടുതല്‍ സായുധസേനയെ വിന്യസിച്ച് കശ്മീരിലെ ജനങ്ങളെ തടവുകാരാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുമ്പോള്‍ കശ്മീര്‍ ജനത എല്ലാ പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് കഴിയുന്നത്.

Update: 2019-10-25 18:43 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതിയില്‍നിന്ന് ന്യായവും നിഷ്പക്ഷവുമായ വിധിയുണ്ടാവുമെന്ന് പ്രത്യാശിക്കുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. പുരാണങ്ങളെ അടിസ്ഥാനമാക്കിയല്ല, വസ്തുതകളെയും രേഖകളെയും അടിസ്ഥാനമാക്കിയുള്ള നിഷ്പക്ഷവിധിയാണുണ്ടാവേണ്ടത്. ജുഡീഷ്യറിയെ സമ്മര്‍ദത്തിലാക്കാനും സ്വാധീനിക്കാനും അഭിഭാഷകരെയും വ്യവഹാരികളെയും ഭീഷണിപ്പെടുത്താനും വര്‍ഗീയശക്തികളില്‍നിന്ന് ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. എന്നിരുന്നാലും അത്തരം പൈശാചികതന്ത്രങ്ങള്‍ പരാജയപ്പെടുമെന്നും സത്യവും നീതിയും ആത്യന്തികമായി വിജയിക്കുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ.

ബാബരി മസ്ജിദ് കേസ് കേവലം ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചല്ല, മറിച്ച് മതേതരത്വത്തിന്റെ ഭരണഘടനാപരമായ ഉറപ്പ്, നിയമത്തിന് മുമ്പിലുള്ള സമത്വം, വിശ്വാസസ്വാതന്ത്ര്യം എന്നിവ ജനങ്ങള്‍ക്ക് ഉറപ്പാക്കാന്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് കഴിയുമോയെന്ന് വ്യക്തമാക്കുന്നതായിരിക്കും കേസിലെ വിധി. എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും സത്യത്തിനും നീതിക്കുംവേണ്ടി നിരന്തരം നിലകൊള്ളുന്ന വ്യവഹാരികളെയും മുസ്‌ലിം പക്ഷത്തെ അഭിഭാഷകരെയും യോഗം അഭിനന്ദിച്ചു. കശ്മീരിലെ ജനങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം കൂടുതല്‍ സായുധസേനയെ വിന്യസിച്ച് കശ്മീരിലെ ജനങ്ങളെ തടവുകാരാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുമ്പോള്‍ കശ്മീര്‍ ജനത എല്ലാ പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് കഴിയുന്നത്. ജനങ്ങളെ പൂട്ടിയിടുക, ആശയവിനിമയ മാര്‍ഗങ്ങളെല്ലാം തടയുക, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും രാഷ്ട്രീയക്കാരെയും സാധാരണക്കാരെയും അറസ്റ്റുചെയ്യുകയും ചെയ്യുക തുടങ്ങിയ മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ക്രൂരമായ ശിക്ഷാവിധികള്‍ രണ്ടരമാസത്തിലേറെയായി കശ്മീരില്‍ തുടരുകയാണ്. രാജ്യത്തുടനീളമുള്ള എല്ലാ ജനങ്ങളും പാര്‍ട്ടികളും കശ്മീര്‍ ജനതയ്ക്കായി ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സായുധസേനയെ ഉടന്‍ പിന്‍വലിക്കണമെന്നും തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നും മേഖലയില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഭരണകക്ഷിയുടെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ 2017 ലെ റിപോര്‍ട്ട് തയ്യാറാക്കിയതിനെ യോഗം അപലപിച്ചു. രാജ്യത്ത് നടക്കുന്ന 'ആള്‍ക്കൂട്ട ആക്രമണം' പോലുള്ള സംഘടിത കുറ്റകൃത്യങ്ങളെ റിപോര്‍ട്ടില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. 'ആള്‍ക്കൂട്ട ആക്രമണങ്ങള്‍'ക്കെതിരേ പ്രത്യേക നിയമനിര്‍മാണം വേണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിടത്താണ് ഈ സത്യനിഷേധമുണ്ടായിരിക്കുന്നത്. പരമോന്നത ബഹുമതിയായ ഭാരതരത്‌ന വി ഡി സവര്‍ക്കറിന് നല്‍കാനുള്ള നീക്കത്തെ യോഗം ചോദ്യംചെയ്തു.

സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയും ഇന്ത്യന്‍ ജനതയെ മതപരമായി ഭിന്നിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത വ്യക്തിയായാണ് അദ്ദേഹത്തെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്. ജയിലില്‍നിന്ന് പുറത്തിറങ്ങുന്നതിന് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് മാപ്പപേക്ഷ എഴുതിനല്‍കിയത് അദ്ദേഹത്തിന്റെ മാതൃരാജ്യത്തോടുള്ള ശത്രുതയും ബ്രിട്ടീഷ് രാജിനോടുള്ള വിശ്വസ്തതയും വ്യക്തമാക്കുന്നു. അത്തരമൊരു രാജ്യദ്രോഹിയെ ഭാരതരത്‌ന നല്‍കി ആദരിക്കുന്നത് രാജ്യത്തിന്റെ മോചനത്തിന് ജീവന്‍ നല്‍കിയ യഥാര്‍ഥ സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ചൂണ്ടിക്കാട്ടി. 

Tags:    

Similar News