ബാബരി കേസ്: മധ്യസ്ഥസമിതി റിപോര്‍ട്ട് 18നകം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി

മധ്യസ്ഥചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഹരജി ഉടന്‍ പരിഗണിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.

Update: 2019-07-11 06:06 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ മധ്യസ്ഥ സമിതിയുടെ റിപോര്‍ട്ട് ഈമാസം 18നകം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. മധ്യസ്ഥചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഹരജി ഉടന്‍ പരിഗണിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. ചര്‍ച്ചയില്‍ പുരോഗതിയില്ലെന്നാണ് റിപോര്‍ട്ട് എങ്കില്‍ അതിനനുസരിച്ച് തീരുമാനമെടുക്കും. ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രിംകോടതി അറിയിച്ചു.

മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള സമയപരിധി ആഗസ്ത് 15നാണ് അവസാനിക്കുന്നത്. കേസ് വേഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യപരാതിക്കാരിലൊരാളായ ഗോപാല്‍ സിങ് വിശാരദ് കഴിഞ്ഞദിവസം സുപ്രിംകോടതിയെ സമീപിച്ചതിനു പിന്നാലെയാണു ഹരജി ഇന്ന് പരിഗണിച്ചത്. നാലുമാസം മുമ്പ് ബാബരി ഭൂമിതര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്കുവിട്ടശേഷം ഇതാദ്യമായാണ് വീണ്ടും കേസ് പരിഗണിക്കണിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ബാബരി കേസില്‍ മധ്യസ്ഥസമിതി രൂപീകരിച്ച് സുപ്രിംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് എഫ് എം ഐ കലീഫുല്ല, ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരെയാണു മധ്യസ്ഥരായി നിയോഗിച്ചത്. 

Tags: