ന്യൂഡല്‍ഹി: ബാബരി കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി അംഗീകരിക്കുന്നുവെന്നും കോടതിയെയും അതിന്റെ തീരുമാനങ്ങളെയും മാനിക്കുന്നുവെന്നും പ്രധാന ഹരജിക്കാരിലൊരാളായ ഇഖബാല്‍ അന്‍സാരി. പരമോന്നത കോടതി എന്ത് തീരുമാനമെടുത്താലും അത് സ്വീകരിക്കുമെന്നും ഇതൊരു ജയപരാജയമല്ലെന്നും ഇഖ്ബാല്‍ അന്‍സാരി നേരത്തേ വ്യക്തമാക്കിയിരുന്നു. കോടതി വിധിയെ എതിര്‍ക്കില്ല. കോടതി വിധി തൃപ്തികരമാണ്. അതിനെ കോടതിയില്‍ നേരിടാനില്ല. ഇത്രയും കാലം നീണ്ട തര്‍ക്കത്തിനു വിരാമമായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞതായി ടൈംസ് നൗ ന്യൂസ് ഡോട്ട് കോം റിപോര്‍ട്ട് ചെയ്തു. ഞങ്ങള്‍ തീരുമാനത്തെ മാനിക്കുന്നു. ഇപ്പോള്‍ പള്ളിക്ക് ഭൂമി നല്‍കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണിത്. ഇത് ഒരു കണക്കിന് മുസ്‌ലിംകളുടെ വിജയമാണെന്നും ഇഖ്ബാല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു.