22 ദിവസത്തെ ഇടവേളയ്ക്ക് ശേഷം അട്ടാരി - വാഗ അതിര്‍ത്തി തുറന്നു

Update: 2025-05-17 07:53 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ അടച്ച ഇന്ത്യ-പാക് അതിര്‍ത്തിയായ അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു. 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അട്ടാരി - വാഗ ബോര്‍ഡര്‍ തുറന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഡ്രൈ ഫ്രൂട്ട്‌സുമായി എത്തിയ എട്ട് ട്രക്കുകളാണ് അതിര്‍ത്തി വഴി ഇന്ത്യയിലേക്കെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി.

ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 150 ഓളം ചരക്കു ലോറികള്‍ ലാഹോറിനും വാഗയ്ക്കുമിടയില്‍ കുടുങ്ങിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതോടെയാണ് അഫ്ഗാന്‍ ചരക്കുവാഹനങ്ങള്‍ക്ക് മാത്രമായി അതിര്‍ത്തി തുറന്നത്. ഏപ്രില്‍ 24 മുതല്‍ അട്ടാരി അതിര്‍ത്തിയില്‍ കുടുങ്ങിയ നിലയിലായിരുന്നു ഈ ട്രെക്കുകള്‍. കരയിലൂടെയുള്ള ചരക്കുഗതാഗതത്തിന് മാത്രമാണ് അനുമതിയെന്നും അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിയ എട്ട് ട്രെക്കുകള്‍ മാത്രമാണ് അതിര്‍ത്തി കടന്നതെന്നുാണ് അധികൃതര്‍ വിശദമാക്കുന്നത്.

ഇസ്‌ലാമാബാദിലെ അഫ്ഗാന്‍ എംബസിയുടെ ഇടപെടലിന് പിന്നാലെയാണ് ട്രെക്കുകള്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കിയത്. ഏപ്രില്‍ 25ന് മുന്‍പ് പാകിസ്ഥാനിലെത്തിയ ട്രെക്കുകളാണ് നിലവില്‍ അതിര്‍ത്തി കടക്കുന്നത്. അതിര്‍ത്തിയില്‍ അനിശ്ചിത കാലത്തേക്ക് കുടുങ്ങിയത് ചരക്കുകള്‍ കേടുവരുത്താന്‍ കാരണമാകുമെന്ന ആശങ്ക ഇന്ത്യയില്‍ നിന്നുള്ള വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു. ചരക്കിനുള്ള പണം നല്‍കിക്കഴിഞ്ഞതിനാല്‍ വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും വ്യാപാരികള്‍ മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു.








Tags: