ചരിത്രം തിരുത്തി മംഗയമ്മ; 74ാം വയസ്സില്‍ ഇരട്ടക്കുട്ടികളുടെ അമ്മ
ഐവിഎഫ് വഴി ഗര്‍ഭിണിയായ മംഗയമ്മ ഗുണ്ടൂരിലെ അഹല്യ നഴ്‌സിങ് ഹോമില്‍ സിസേറിയനിലൂടെയാണ് പ്രസവം നടത്തിയത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് സിസേറിയന് നേതൃത്വം നല്‍കിയ ഡോ. എസ് ഉമാ ശങ്കര്‍ പറഞ്ഞു.
ഗുണ്ടൂര്‍: ഒരു കുഞ്ഞിക്കാല്‍ തേടിയുള്ള എറമാട്ടി മംഗയമ്മയുടെ 54 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. 74ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഈ ആന്ധ്രക്കാരി ഏറ്റവും കൂടിയ പ്രായത്തില്‍ പ്രസവിച്ച റെക്കോഡും കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഐവിഎഫ് വഴി ഗര്‍ഭിണിയായ മംഗയമ്മ ഗുണ്ടൂരിലെ അഹല്യ നഴ്‌സിങ് ഹോമില്‍ സിസേറിയനിലൂടെയാണ് പ്രസവം നടത്തിയത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് സിസേറിയന് നേതൃത്വം നല്‍കിയ ഡോ. എസ് ഉമാ ശങ്കര്‍ പറഞ്ഞു.
വൈദ്യശാസ്ത്രത്തിലെ അല്‍ഭുതമാണിത്- ശസ്ത്രക്രിയക്ക് ശേഷം ഡോക്ടര്‍ പറഞ്ഞു. ലോകത്ത് പ്രസവിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് മംഗയമ്മയെന്നും അദ്ദേഹം അവകാശപ്പെട്ടു.
70ാം വയസ്സില്‍ പ്രസവിച്ച ദല്‍ജീന്തര്‍ കൗറിന് ആയിരുന്നു ഇതിന് മുമ്പ് ഈ റെക്കോഡ്. ഹരിയാനക്കാരിയായ കൗര്‍ 2016ലാണ് ഐവിഎഫ് വഴി ഗര്‍ഭിണിയായി പ്രസവിച്ചത്.
കിഴക്കന്‍ ഗോദാവരി ജില്ലയില്‍ നെലപാര്‍ട്ടിപാടു സ്വദേശിയായ മംഗയമ്മ വിവാഹം കഴിഞ്ഞ 54 വര്‍ഷമായി കുട്ടികളില്ലാതെ വിഷമിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഭര്‍ത്താവ് വൈ രാജാ റാവുമൊത്ത് നഴ്‌സിങ് ഹോമിലെ ഐവിഎഫ് വിദഗ്ധരെ സമീപിച്ചത്.
ദൈവം എന്റെ പ്രാര്‍ഥന കേട്ടതില്‍ സന്തോഷം-പ്രസവത്തിനു ശേഷം മംഗയമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുഞ്ഞുങ്ങളില്ലാതെ ജീവിക്കുക എന്നത് വലിയ ഭാരമാണ്. ഞാന്‍ എന്തോ പാപം ചെയ്ത പോലെയാണ് ആളുകള്‍ എന്നെ നോക്കിയിരുന്നത്. അയല്‍വാസികള്‍ 'ഗൊഡറലു'(കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകളെ വിശേഷിപ്പിക്കുന്ന ചീത്ത വാക്ക്) എന്ന് വിളിച്ച് അധിക്ഷേപിക്കും. എന്നാല്‍, ഭര്‍ത്താവ് തന്റെ കൂടെ പാറ പോലെ ഉറച്ചുനിന്നുവെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവ് രാജ റാവുവും കുടുംബാംഗങ്ങളും നാട്ടുകാര്‍ക്ക് മുഴുവന്‍ മധുരം നല്‍കിയാണ് കുഞ്ഞുങ്ങളെ കിട്ടിയ സന്തോഷം ആഘോഷിച്ചത്.
ഡോക്ടര്‍മാരുടെ സംഘം നിരവധി പരിശോധനകള്‍ നടത്തി മംഗയമ്മയ്ക്ക് ഗര്‍ഭിണി ആവാന്‍ സാധിക്കുമെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മുന്നോട്ടു പോവാന്‍ തീരുമാനിച്ചതെന്ന് ഉമാ ശങ്കര്‍ പറഞ്ഞു. ഐവിഎഫിന്റെ ആദ്യ പരീക്ഷണത്തില്‍ തന്നെ മംഗയമ്മ ഗര്‍ഭിണിയായി. പൊതു ആരോഗ്യം, പോഷകാഹാരം, ഹൃദയാരോഗ്യം എന്നിവ നിരന്തരം നിരീക്ഷിക്കുന്നതിന് ഡോക്ടര്‍മാരുടെ മൂന്ന് സംഘത്തെ നിയോഗിച്ചിരുന്നു.
ഒമ്പതു മാസം 10 ഡോക്ടര്‍മാരാണ് മംഗയമ്മയുടെ ആരോഗ്യ നില സംരക്ഷിക്കുന്നതിന് തുടര്‍ച്ചയായി പ്രവര്‍ത്തിച്ചത്. നിരന്തര സ്‌കാനിങ്ങുകളിലൂടെ സങ്കീര്‍ണതകളില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
ഗര്‍ഭത്തിന്റെ എട്ടാം മാസത്തിലുള്ള പരമ്പരാഗത ആഘോഷമായ സീമന്തം നടത്താന്‍ ദമ്പതികള്‍ അനുമതി തേടിയിരുന്നു. എന്നാല്‍, ഒരു മാസം കൂടി കാത്തു നില്‍ക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിക്കുകയായിരുന്നു. ഒടുവില്‍ പ്രസവത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് ആശുപത്രി പരിസരത്ത് തന്നെ ഇതിനുള്ള സൗകര്യമൊരുക്കി. ആശുപത്രി ജീവനക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്ന് ദമ്പതികളെ അനുഗ്രഹിച്ചു.
അമ്മയും കുഞ്ഞുങ്ങളും ഏതാനും ദിവസം നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

