മാണി അഴിമതിക്കാരനെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍; പരാമര്‍ശത്തിനെതിരേ കേരള കോണ്‍ഗ്രസ് (എം) രംഗത്ത്

Update: 2021-07-05 17:35 GMT

ന്യൂഡല്‍ഹി: അന്തരിച്ച കേരള കോണ്‍ഗ്രസ്(എം) നേതാവും മുന്‍ ധനമന്ത്രിയുമായ കെ എം മാണി അഴിമതിക്കാരനായിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ അപ്പീലിന്‍മേലുള്ള വാദത്തിനിടെയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. അന്നത്തെ ധനകാര്യമന്ത്രി അഴിമതിക്കാരനായിരുന്നുവെന്നും അതിനെതിരായ പ്രതിഷേധമാണ് സഭയില്‍ അരങ്ങേറിയതെന്നുമാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ പറഞ്ഞത്.

മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയാണ് രഞ്ജിത് കുമാര്‍. അഴിമതിക്കാരനെതിരെയാണ് എംഎല്‍എമാര്‍ സഭയില്‍ പ്രതിഷേധിച്ചത്. പ്രതിഷേധിക്കാനുള്ള അവകാശം നിയമസഭാ അംഗങ്ങള്‍ക്കുമുണ്ടെന്നും അദ്ദേഹം വാദിച്ചു. ധനകാര്യമന്ത്രിയുടെ സ്വഭാവം എന്തായാലും നിങ്ങളുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഇതിനോട് പ്രതികരിച്ചത്. കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി, കേസ് ജൂലൈ 15ലേയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തു.

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ കേസ് പിന്‍വലിക്കാനുള്ള ഹരജി സമര്‍പ്പിച്ചത് നിയമത്തിന്റെ സ്വാഭാവിക നടപടിക്രമം പാലിച്ചല്ലെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് വേണ്ടി ഹാജരായ അഡ്വ. മഹേഷ് ജത്മലാനി ആരോപിച്ചു. ഈ വിഷയത്തില്‍ തനിക്കേറെ ബോധിപ്പിക്കാനുണ്ടെന്നും ജത്മലാനി പറഞ്ഞു. നോട്ടീസ് അയക്കാത്തതുകൊണ്ട് താന്‍ വിശദമായി വാദിക്കുന്നില്ല. പക്ഷെ, ഈ വിഷയത്തില്‍ എനിക്കും കുറച്ചധികം കാര്യങ്ങള്‍ പറയാനുണ്ട്. കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. കേസ് പിന്‍വലിക്കുന്നത് പൊതുതാത്പര്യം മുന്‍നിര്‍ത്തിയല്ലെന്നും അദ്ദേഹം വാദിച്ചു. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിലപാടാണ് സ്വീകരിക്കേണ്ടത്. ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി എടുത്താലും ന്യൂനപക്ഷ വിധി എടുത്താലും അക്കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല.

പൊതുമുതല്‍ നശിപ്പിക്കവര്‍ക്ക് അഞ്ചുവര്‍ഷംവരെ തടവുശിക്ഷ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ അങ്ങയുടെ വാദം 15ന് വിശദമായി കേള്‍ക്കാമെന്ന് ജസ്റ്റിസ് എം ആര്‍ ഷാ ജത്മലാനിയോട് പറഞ്ഞു. വാദത്തിനിടെ ജത്മലാനിക്കെതിരേ മോശം അഭിപ്രായപ്രകടനം നടത്തിയതിന് അഡ്വ.രഞ്ജിത് കുമാറിനെ സുപ്രിംകോടതി വിമര്‍ശിച്ചു. അതേസമയം, കെ എം മാണിക്കെതിരേ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരേ കേരള കോണ്‍ഗ്രസ് (എം) രംഗത്തുവന്നു.

രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ മാണിയെക്കുറിച്ച് നിരുത്തരവാദപരമായ സമീപനമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ചതെന്ന് കേരള കോണ്‍ഗ്രസ് പറഞ്ഞു. അഭിഭാഷകന്‍ ഇത്തരമൊരു നിലപാടെടുത്തത് തെറ്റാണ്. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും കേരള കോണ്‍ഗ്രസ്- എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നാളെ കോട്ടയത്ത് പാര്‍ട്ടിയുടെ നിര്‍ണായകമായ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടി ഭരണഘടന പൊളിച്ചെഴുതുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് യോഗത്തില്‍ നടക്കാനിരുന്നത്.

എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനെടുത്ത നിലപാട് കൂടി ചര്‍ച്ചയാവും. നേരത്തെ യുഡിഎഫിന്റെ ഭാഗമായിരിക്കുന്ന സമയത്ത് കെ എം മാണി സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരേയുണ്ടായ പ്രതിഷേധമാണ് നിയമസഭയില്‍ അക്രമസംഭവങ്ങള്‍ക്ക് വഴിവച്ചത്. എന്നാല്‍, കെ എം മാണിയുടെ മരണശേഷം, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മല്‍സരിക്കുകയും ചെയ്തു. മാണിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്റെ സുപ്രിംകോടതിയിലെ നിലപാട് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

Tags:    

Similar News