മുസ്‌ലിംകളല്ലാത്തവരെ അസമിലെ തടങ്കല്‍പാളയങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് കേന്ദ്രം

ഡിറ്റന്‍ഷന്‍ സെന്റര്‍ എന്നത് മാറ്റി തടവുകേന്ദ്രങ്ങളുടെ പേര് ഹോള്‍ഡിങ് സെന്റര്‍ എന്നാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 761 പേരെ തടങ്കല്‍പാളയത്തുനിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി.

Update: 2020-02-07 12:00 GMT

ന്യൂഡല്‍ഹി: തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നവരില്‍ പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള മുസ്‌ലിംകളല്ലാത്തവരെ മോചിപ്പിക്കാന്‍ അസം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ലോക്‌സഭയില്‍ അസം കോണ്‍ഗ്രസ് എംപി അബ്ദുല്‍ ഖാലിക്കിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമപരമായ രേഖകളില്ലാത്തവരെയും രേഖകള്‍ കാലഹരണപ്പെട്ടവരെയുമാണ് അസം സര്‍ക്കാര്‍ 2014 ഡിസംബര്‍ 31ന് മുമ്പ് തടങ്കല്‍ പാളയത്തിലേക്കയച്ചത്. എന്നാല്‍, പുതിയ പൗരത്വ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്ക് പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കാം. ഇതുസംബന്ധിച്ച് കേന്ദ്രം അനുബന്ധ ചട്ടങ്ങള്‍ വിജ്ഞാപനം പുറപ്പെടുവിച്ചശേഷമായിരിക്കും പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.

ഡിറ്റന്‍ഷന്‍ സെന്റര്‍ എന്നത് മാറ്റി തടവുകേന്ദ്രങ്ങളുടെ പേര് ഹോള്‍ഡിങ് സെന്റര്‍ എന്നാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 761 പേരെ തടങ്കല്‍പാളയത്തുനിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി. തടങ്കല്‍പ്പാളയങ്ങളില്‍ കഴിയുന്ന ഹിന്ദു, സിഖ്, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യന്‍, ജൈന സമുദായങ്ങളില്‍പെട്ടവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും മുന്‍കൈയെടുത്തിട്ടുണ്ടോ എന്നായിരുന്നു അസം കോണ്‍ഗ്രസ് എംപിയുടെ ചോദ്യം. എന്നാല്‍, പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയശേഷം അത്തരം കുടിയേറ്റക്കാരെ തടങ്കല്‍ കേന്ദ്രത്തില്‍നിന്ന് മോചിപ്പിക്കുന്നത് സംബന്ധിച്ച് പ്രത്യേക നിര്‍ദേശങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും നിത്യാനന്ദ് റായ് ചൂണ്ടിക്കാട്ടി. എങ്കിലും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എല്ലാ വ്യക്തികളുടെയും കേസുകള്‍ പരിശോധിക്കാനും തടങ്കല്‍കേന്ദ്രങ്ങളില്‍നിന്ന് മോചിപ്പിക്കാനും 2016 ജനുവരിയില്‍ കേന്ദ്രം അസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2015 സപ്തംബര്‍ ഏഴിന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറുള്ളവരെയാണ് മോചിപ്പിക്കാന്‍ നിര്‍ദേശിച്ചത്.

തടങ്കല്‍ കേന്ദ്രങ്ങളില്‍ മൂന്നുവര്‍ഷത്തിലേറെ പൂര്‍ത്തിയാക്കിയ വിദേശികളായി കണക്കാക്കിയിട്ടുള്ളവരെ ഉപാധികളോടെ മോചിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി കഴിഞ്ഞ ജൂലൈയില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മോചനത്തിനുള്ള മാനദണ്ഡം സമയപരിധിയാവണം മതമാവരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്‍ആര്‍സിക്ക് കീഴില്‍ പൗരത്വം തെളിയിക്കുന്ന രേഖകളില്ലാത്തവരെ മാത്രം ലക്ഷ്യമിട്ട് അസമില്‍ ഒരു തടങ്കല്‍ പാളയങ്ങളും നിര്‍മിച്ചിട്ടില്ലെന്ന് മറ്റൊരു അസം കോണ്‍ഗ്രസ് എംപി പ്രദ്യുത് ബൊര്‍ദോലോയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മറുപടി നല്‍കി. അന്തിമ എന്‍ആര്‍സി പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി പരാതിയുള്ളവര്‍ക്ക് ട്രൈബ്യൂണലിന് മുമ്പാകെ അപ്പീല്‍ നല്‍കാം. ട്രൈബ്യൂണലിന്റെ ഉത്തരവ് അടിസ്ഥാനത്തിലാവും ആരുടെ പേരുകള്‍ ഉള്‍പ്പെടുത്തണമെന്നും നീക്കം ചെയ്യണമെന്നും തീരുമാനിക്കുകയെന്നും നിത്യാനന്ദ് റായ് കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News