അസമിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 72.14 ശതമാനം പോളിങ്
അസമില്‍ അപ്പര്‍ അസമിലെയും സെന്‍ട്രല്‍ അസമിലെയും ഏകദേശം 81 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.
ദിസ്പൂർ: ഒന്നാംഘട്ട പോളിങ് നടന്ന അസമിൽ ആറുമണിവരെ 72.14 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ബിശ്വനാഥ് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 77.16 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
ചരൈദിയോ ജില്ലയിൽ 73.29 ശതമാനമാണ് വോട്ടിങ് ശതമാനം. ധൻസിരി മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഇവിടെ 70.76 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.126 അംഗ നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ 47 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പൊതുവെ സംസ്ഥാനത്ത് സമാധാനപൂർണമായിരുന്നു. മൂന്ന് ഘട്ടമായി നടക്കുന്ന അസം തിരഞ്ഞെടുപ്പിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ മാർച്ച് 27, ഏപ്രിൽ ഒന്ന് തീയതികളിൽ നടക്കും.
അസമില്‍ അപ്പര്‍ അസമിലെയും സെന്‍ട്രല്‍ അസമിലെയും ഏകദേശം 81 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 47 സീറ്റുകളില്‍ 39 ഇടത്ത് ബിജെപി മൽസരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സഖ്യം 43 സീറ്റുകളിലാണ് മൽസരിക്കുന്നത്. എഐഡിയുഎഫ്, രാഷ്ട്രീയ ജനതാദള്‍, എജിഎം, സിപിഐഎംഎല്‍ എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കുന്നുണ്ട്.