'എന്റെ മാതാവ് എവിടെ; തടങ്കലില്‍ വച്ചിരിക്കുന്ന മാതാവിനെ ഹാജരാക്കൂ'; മുസ് ലിം യുവാവിന്റെ ഹരജി
ന്യൂഡല്‍ഹി: തന്റെ മാതാവിനെ നിയമവിരുദ്ധമായ തടങ്കലില്‍ വച്ചിരിക്കുന്നതായി അസം യുവാവ്. അസമിലെ യൂനുസ് ആണ് തന്റെ മാതാവ് മോണോവാര ബേവയെ പോലിസ് അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നതിനെതിരേ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ബംഗ്ലാദേശിലേക്ക് നാടുകടത്തുന്നതിന് മുന്നോടിയായി മാതാവിനെയും മറ്റ് ചിലരെയുമാണ് പോലിസ് തടങ്കലില്‍ വച്ചിരിക്കുന്നതെന്ന് യുവാവിന്റെ ഹേബിയസ് കോര്‍പസ് ഹരജിയില്‍ പറയുന്നു. 2019ല്‍ അന്യായമായി വിദേശികളുടെ ക്യാംപില്‍ തടങ്കലില്‍ വച്ചിരിക്കുന്നവരെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് 2019ല്‍ തന്റെ മാതാവിന് ജാമ്യം ലഭിച്ചതാണ്.
എന്നാല്‍ മെയ് 24ന് മൊഴി രേഖപ്പെടുത്താന്‍ ഉണ്ടെന്ന് ആവശ്യപ്പെട്ട് മാതാവിനെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. അന്ന് മുതല്‍ അവര്‍ കരുതല്‍ തടങ്കലില്‍ ആണെന്ന് 26കാരനായ മകന്‍ പറയുന്നു. തന്റെ മാതാവിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കണമെന്നാണ് മകന്‍ ആവശ്യപ്പെടുന്നത്. തന്റെ മാതാവിന്റെ കേസ് ഇപ്പോഴും സുപ്രിംകോടതിയുടെ പരിഗണനിയിലാണെന്നും അവര്‍ ജാമ്യത്തിലാണെന്നും പോലിസിനോട് വ്യക്തമാക്കിയെങ്കിലും അവര്‍ മാതാവിനെ വിട്ടയച്ചില്ലെന്നും യുവാവിന്റെ ഹരജിയില്‍ പറയുന്നു. യുവാവിന്റെ ഹരജി ഫയലില്‍ സ്വീകരിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യുവാവിന്റെ ഹരജി പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.
