പ്രധാനമന്ത്രിയെ ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന്; വിദ്യാര്‍ഥികളുടെ പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

അസം സില്‍ചറിലെ ഗുര്‍ചരണ്‍ കോളജിലെ ഭൗതികശാസ്ത്ര വിഭാഗം ഗസ്റ്റ് ലക്ചറര്‍ സൗരദീപ് സെന്‍ഗുപ്തയാണു വെള്ളിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹിയിലെ അക്രമങ്ങളെക്കുറിച്ച് സൗരദീപ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതും ഹിന്ദു മതത്തിനെതിരാണെന്നുമാരോപിച്ചാണു വിദ്യാര്‍ഥികള്‍ പോലിസില്‍ പരാതി നല്‍കിയത്.

Update: 2020-02-29 13:15 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ കോളജ് അധ്യാപകനെ അറസ്റ്റുചെയ്തു. അസം സില്‍ചറിലെ ഗുര്‍ചരണ്‍ കോളജിലെ ഭൗതികശാസ്ത്ര വിഭാഗം ഗസ്റ്റ് ലക്ചറര്‍ സൗരദീപ് സെന്‍ഗുപ്തയാണു വെള്ളിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹിയിലെ അക്രമങ്ങളെക്കുറിച്ച് സൗരദീപ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതും ഹിന്ദു മതത്തിനെതിരാണെന്നുമാരോപിച്ചാണു വിദ്യാര്‍ഥികള്‍ പോലിസില്‍ പരാതി നല്‍കിയത്. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു, സനാതന ധര്‍മം ദുരുപയോഗം ചെയ്തു, അധിക്ഷേപ വാക്കുകള്‍ പ്രയോഗിച്ചു, വര്‍ഗീയ കലാപത്തിന് ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണു വിദ്യാര്‍ഥികള്‍ അധ്യാപകനെതിരേ ഉയര്‍ത്തിയത്.

ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ ചില വിഭാഗങ്ങള്‍ 2002ലെ ഗോധ്ര കൂട്ടക്കുരുതി പുനര്‍സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സൗരദീപിന്റെ പോസ്റ്റ്. കുറിപ്പ് വര്‍ഗീയപ്രശ്‌നങ്ങള്‍ക്കു കാരണമായേക്കുമെന്നതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് അധ്യാപകനെ അറസ്റ്റുചെയ്തതെന്ന് കച്ചര്‍ എസ്പി മാനബേന്ദ്ര ദേവ് റായ് പറഞ്ഞു. ഐപിസി സെക്ഷന്‍ 295(എ), 153(എ), 507, ഐടി ആക്ടിലെ സെക്ഷന്‍ 66 എന്നിവ പ്രകാരമാണ് അധ്യാപകനെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലിസ് അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരേ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് അധ്യാപകന്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പുപറഞ്ഞിരുന്നു.

എന്നാല്‍, അധ്യാപകനെതിരേ 10 വിദ്യാര്‍ഥികള്‍ പോലിസില്‍ പരാതി നല്‍കുകയും സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന് പ്രിന്‍സിപ്പാളിനോട് ആവശ്യപ്പെടുകയും ചെയ്തു. കോളജ് യൂനിഫോം ധരിച്ച 40 വിദ്യാര്‍ഥികള്‍ അധ്യാപകന്റെ വീടിന് മുന്നില്‍ തടിച്ചുകൂടി ജയ് ശ്രീ റാം വിളിച്ച് ആക്രോശിച്ചുവെന്ന് അമ്മായി മാധ്യമങ്ങളോട് പ്രതികരിച്ചു. ഫെയ്‌സ്ബുക്കില്‍ മാപ്പ് പറഞ്ഞെങ്കിലും പരസ്യമായി മാപ്പുപറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടര്‍ന്ന് സ്ഥലത്തെത്തിയ സര്‍ദാര്‍ പോലിസ് അധ്യാപകനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതേസമയം, അധ്യാപകനെ അറസ്റ്റുചെയ്ത കാര്യം തങ്ങളെ പോലിസ് അറിയിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. 

Tags:    

Similar News