അസമില്‍ വിഷക്കൂണ്‍ കഴിച്ച് കുട്ടിയും സ്ത്രീകളുമടക്കം 13 പേര്‍ക്ക് ദാരുണാന്ത്യം

Update: 2022-04-14 15:13 GMT

ദിസ്പൂര്‍: അസമില്‍ വിഷക്കൂണ്‍ കഴിച്ച് ആറുവയസുള്ള കുട്ടിയും സ്ത്രീകളും അടക്കം 13 പേര്‍ മരിച്ചു. വിഷക്കൂണ്‍ കഴിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന അസമിലെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളാണ് മരിച്ചവരില്‍ അധികവും. നിരവധിപേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ദിബ്രുഗഡിലെ അസം മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ (എഎംസിഎച്ച്) സൂപ്രണ്ട് പ്രശാന്ത ദിഹിന്‍ഗിയ പറഞ്ഞു.

കിഴക്കന്‍ അസമിലെ ചറൈഡിയോ, ദിബ്രുഗഢ്, ശിവസാഗര്‍, ടിന്‍സുകിയ ജില്ലകളില്‍ നിന്നുള്ള തേയിലത്തോട്ടങ്ങളില്‍ നിന്നായി 35 പേരെ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ വിഷക്കൂണ്‍ കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദിഹിന്‍ഗിയ പറഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്ത്രീ തൊഴിലാളികളാണ് വിഷക്കൂണ്‍ പറിച്ചത്. തുടര്‍ന്ന് പാകം ചെയ്ത് കുട്ടികള്‍ അടക്കം കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു.

വയറിളക്കം, ഛര്‍ദി തുടങ്ങിയ അസ്വസ്ഥതകള്‍ നിരവധിയാളുകള്‍ക്ക് ഒരേസമയം കണ്ടുതുടങ്ങിയതോടെയാണ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. ചിലരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് എഎംസിഎച്ചിലേക്ക് മാറ്റുകയായിരുന്നു. വിഷക്കൂണ്‍ കഴിച്ച് നിരവധി ആളുകള്‍ എല്ലാ വര്‍ഷവും രോഗികളാവുന്നുണ്ട്. അവരില്‍ ചിലര്‍ പലപ്പോഴും മരണത്തിന് കീഴടങ്ങുന്നു. ദോഷകരവും ഉപഭോഗത്തിന് യോഗ്യമല്ലാത്തതുമായ കാട്ടു കൂണുകള്‍ തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് കഴിയാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

Tags: