യാസ് ചുഴലിക്കാറ്റ് അൽപസമയത്തിനകം ഒഡീഷാ തീരം തൊടും, പതിനൊന്ന് ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു

മണിക്കൂറിൽ 290 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നാണ് റിപോർട്ടുകൾ. യാസ് ചുഴലിക്കാറ്റ് നേരത്തേ പ്രവചിച്ചിരുന്നതിൽ നിന്നും കൂടിയ വേഗത്തിലാണ് തീരത്തേക്ക് അടുക്കുന്നത്

Update: 2021-05-26 04:18 GMT

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് തീവ്രചുഴലിക്കാറ്റായി മാറിയ 'യാസ്' ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ഇന്ന് രാവിലെയോടെ ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ധർമ തുറമുഖത്തിന് സമീപം കരയിൽ തൊടും. അതിതീവ്ര ചുഴലിക്കാറ്റിന്റെ വിഭാഗത്തിലാണ് ഇപ്പോൾ യാസ് കരയിലേക്ക് അടുക്കുന്നത്.

മണിക്കൂറിൽ 290 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നാണ് റിപോർട്ടുകൾ. യാസ് ചുഴലിക്കാറ്റ് നേരത്തേ പ്രവചിച്ചിരുന്നതിൽ നിന്നും കൂടിയ വേഗത്തിലാണ് തീരത്തേക്ക് അടുക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു.

യാസ് ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധസമാനമായ മുന്നൊരുക്കങ്ങളാണ് ഒഡീഷ, പശ്ചിമ ബംഗാൾ സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി തീരമേഖലകളിൽ നിന്നും 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പശ്ചിമബംഗാളിൽ ഒമ്പതുലക്ഷം പേരെയും ഒഡിഷയിൽ രണ്ടുലക്ഷം പേരെയുമാണ് മാറ്റിയത്. ഈ രണ്ട് സംസ്ഥാനങ്ങൾക്കു പുറമേ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്.

ഒഡീഷയിലെ പുരി, ജഗൽസിംഗപുർ, കട്ടക്, ബാലസോർ തുടങ്ങിയ ജില്ലകളിൽ കനത്തനാശനഷ്ടങ്ങളുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാളിലെ ഈസ്റ്റ്മിഡ്നാപ്പൂർ, വെസ്റ്റ് മിഡ്നാപ്പൂർ, പുരിലിയ, ജാർഗാം തുടങ്ങിയ ജില്ലകളിലും യാസ് ആഞ്ഞടിക്കും.

രക്ഷാ പ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ 10 സംഘത്തെ അധികമായി നിയോഗിച്ചു. അടിയന്തരസാഹചര്യം നേരിടാൻ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാർഡും സംയുക്തമായി രംഗത്തുണ്ട്. മൽ,സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയെന്ന് നാവിക സേന അറിയിച്ചു.