യെദ്യൂരപ്പയുടെ ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെ മിന്നല്‍പരിശോധന

ശിവമോഗ ജില്ലയിലെ ഹെലിപാഡില്‍ ഇറങ്ങിയ ഹെലികോപ്റ്ററിലുണ്ടായിരുന്ന ബാഗുകളാണ് പരിശോധിച്ചത്. കര്‍ണാടകയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായെത്തിയതായിരുന്നു യെദ്യൂരപ്പ. ഏപ്രില്‍ 18, 23 തിയ്യതികളിലായാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ്.

Update: 2019-04-16 10:17 GMT

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ബി എസ് യെദ്യൂരപ്പയുടെ ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെ മിന്നില്‍പരിശോധന. ശിവമോഗ ജില്ലയിലെ ഹെലിപാഡില്‍ ഇറങ്ങിയ ഹെലികോപ്റ്ററിലുണ്ടായിരുന്ന ബാഗുകളാണ് പരിശോധിച്ചത്. കര്‍ണാടകയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായെത്തിയതായിരുന്നു യെദ്യൂരപ്പ. ഏപ്രില്‍ 18, 23 തിയ്യതികളിലായാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ്.

മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് 1,800 കോടിയോളം രൂപ കോഴ നല്‍കിയതിന്റെ വിവരങ്ങളടങ്ങിയ ഡയറിയുടെ പൂര്‍ണവിവരങ്ങള്‍ കോണ്‍ഗ്രസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തിലാണ് യഥാര്‍ഥ ഡയറിയുടെ ദൃശ്യങ്ങള്‍ വെളിപ്പെടുത്തിയത്. ബി എസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1,800 കോടിയിലേറെ രൂപ നല്‍കിയതായി കാരവന്‍ മാസികയാണ് ആദ്യം റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ബിജെപി ദേശീയ നേതാക്കള്‍ക്ക് വന്‍തുക കോഴ നല്‍കിയതായി രേഖപ്പെടുത്തിയ ഡയറിയിലെ പേജുകള്‍ കോണ്‍ഗ്രസും പുറത്തുവിടുകയായിരുന്നു.

മോദി, അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ് തുടങ്ങി നിരവധി ബിജെപി നേതാക്കളുടെയും ജഡ്ജിമാരുടെയും പേരുകള്‍ ഡയറിയിലുണ്ട്. യെദ്യൂരപ്പയ്‌ക്കെതിരേ ലോക്പാല്‍ അന്വേഷണം നടത്തണം. യെദ്യൂരപ്പയെ ജയിലില്‍ അടയ്ക്കുന്നതോടൊപ്പം ഡയറിയിലെ ഉള്ളടക്കത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യെദ്യൂരപ്പയുടെ ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെ മിന്നല്‍പരിശോധന ഉണ്ടായിരിക്കുന്നത്. 

Tags:    

Similar News