കൊവിഡ് വ്യാപനം രൂക്ഷം; ഗുജറാത്തിലെ നാല് നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ നീട്ടി

കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഫെബ്രുവരി 28 വരെ ഈ നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ ആറുവരെയാണ് കര്‍ഫ്യൂ.

Update: 2021-02-27 13:07 GMT

അഹമ്മദാബാദ്: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ നാല് നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യൂ നീട്ടി. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നീ പ്രധാന നഗരങ്ങളിലെ രാത്രികാല കര്‍ഫ്യൂ ആണ് നീട്ടിയത്. 15 ദിവസത്തേയ്ക്കാണ് രാത്രി കര്‍ഫ്യൂ നീട്ടിയിരിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഫെബ്രുവരി 28 വരെ ഈ നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ ആറുവരെയാണ് കര്‍ഫ്യൂ. ദീപാവലിക്കുശേഷം കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ കഴിഞ്ഞ നവംബറില്‍ ആദ്യമായി പ്രാബല്യത്തില്‍ വന്ന രാത്രികാല കര്‍ഫ്യൂ നീട്ടുന്നത് ഇത് അഞ്ചാം തവണയാണ്.

പുതിയ ഉത്തരവില്‍ രാത്രി കര്‍ഫ്യൂവിനെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിലും നിലവിലെ സമയക്രമം തുടരുമെന്നാണ് റിപോര്‍ട്ടുകള്‍. വര്‍ധിച്ചുവരുന്ന കൊവിഡ് 19 കേസുകളുടെ പശ്ചാത്തലത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഗുജറാത്ത് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു. ഗുജറാത്തിലെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി വിജയ് രൂപാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് പ്രസ്താവന പുറത്തിറക്കിയത്. ഗുജറാത്തില്‍ ഇതുവരെ 2,69,031 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 2,62,487 രോഗികള്‍ സുഖം പ്രാപിച്ചു. വെള്ളിയാഴ്ച 460 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.

Tags: