ഡല്‍ഹി കലാപം: എഎപിക്കാരുടെ പങ്ക് കണ്ടെത്തിയാല്‍ ഇരട്ടിശിക്ഷ നല്‍കണമെന്ന് കെജ്‌രിവാള്‍

അക്രമത്തിന് പ്രേരിപ്പിക്കുന്നത് ആരാണെങ്കിലും ഏത് പാര്‍ട്ടിക്കാരനാണെങ്കിലും തക്കതായ ശിക്ഷ നല്‍കണം. എഎപിയില്‍നിന്നുള്ള ആരെയെങ്കിലുമാണ് കുറ്റക്കാരനായി കണ്ടെത്തുന്നതെങ്കില്‍ അവര്‍ക്ക് ഇരട്ടി ശിക്ഷ നല്‍കണം.

Update: 2020-02-27 14:31 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ആം ആദ്മി പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ കലാപത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് താഹിര്‍ ഹുസൈനും പങ്കുണ്ടെന്ന ആരോപണത്തോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിന് പ്രേരിപ്പിക്കുന്നത് ആരാണെങ്കിലും ഏത് പാര്‍ട്ടിക്കാരനാണെങ്കിലും തക്കതായ ശിക്ഷ നല്‍കണം. എഎപിയില്‍നിന്നുള്ള ആരെയെങ്കിലുമാണ് കുറ്റക്കാരനായി കണ്ടെത്തുന്നതെങ്കില്‍ അവര്‍ക്ക് ഇരട്ടി ശിക്ഷ നല്‍കണം. അവര്‍ മന്ത്രിസഭയിലുള്ളവരാണെങ്കിലും കര്‍ശന ശിക്ഷ നല്‍കണം. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തിന് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന് അങ്കിതിന്റെ പിതാവ് രവീന്ദര്‍ ശര്‍മയും സഹോദരനും ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെജ്‌രിവാള്‍. കലാപവും അക്രമവും രാഷ്ട്രീയവല്‍ക്കരിക്കരുത്. കലാപകാരികള്‍ ബിജെപിയില്‍നിന്നോ കോണ്‍ഗ്രസില്‍നിന്നോ ആം ആദ്മി പാര്‍ട്ടിയില്‍നിന്നോ ആവട്ടെ, ശക്തമായ നപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ 59ാം വാര്‍ഡായ നെഹ്‌റു വിഹാറിലെ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് കലാപത്തില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം.

Tags:    

Similar News