ഡല്‍ഹിയില്‍ കൊവിഡ് കേസുകളില്‍ 53 ശതമാനം വര്‍ധന; അടിയന്തരയോഗം വിളിച്ച് കെജ്‌രിവാള്‍

Update: 2021-04-01 17:52 GMT

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ ഡല്‍ഹിയില്‍ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടിയന്തര യോഗം വിളിച്ചു. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഒറ്റദിവസത്തിനിടെ ഡല്‍ഹിയില്‍ കൊവിഡ് കേസുകളില്‍ 53 ശതമാനം വര്‍ധനവാണുണ്ടായത്. ഇന്ന് ഡല്‍ഹിയില്‍ 2,790 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്ന് റിപോര്‍ട്ട് ചെയ്ത്. ഒമ്പത് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു.

ഇന്നലെ 1,819 കേസുകള്‍ മാത്രമാണുണ്ടായിരുന്നത്. നാളെ വൈകീട്ട് നാലിന് മുഖ്യമന്ത്രി ഓഫിസില്‍ അടിയന്തരയോഗം ചേരുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും ഹാജരാവണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

പകര്‍ച്ചവ്യാധികള്‍ക്കെതിരേ പോരാടുന്നതിന് കര്‍മപദ്ധതി തയ്യാറാക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ആലോചിക്കും. അതില്‍ കണ്ടെയ്‌മെന്റ് സോണുകളുടെ എണ്ണം, വാക്‌സിനേഷന്‍, ആശുപത്രി കിടക്കകളുടെ ലഭ്യത എന്നിവ ഉള്‍പ്പെടുന്നു. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥരില്‍നിന്ന് പതിവായി വിവരങ്ങള്‍ സ്വീകരിച്ച് പ്രതിദിന അവലോകനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്തിവരികയാണ്. 33 സ്വകാര്യാശുപത്രികളില്‍ ഐസിയു കിടക്കകളുടെ എണ്ണത്തിലും സാധാരണ വാര്‍ഡുകളിലുമുള്ളവരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയുണ്ടായതായും സര്‍ക്കാര്‍ പറയുന്നു. ഫെബ്രുവരി ആദ്യം മുതല്‍ ഇന്ത്യയില്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ദൈനംദിന കേസുകള്‍ 9,000 ല്‍ താഴെയെത്തിയപ്പോള്‍ വ്യാഴാഴ്ച ഇത് 72,000 ത്തിലെത്തി. ഒക്ടോബര്‍ മുതലുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.

Tags: