കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന മാമ്പഴങ്ങള്‍ രാസവസ്തുക്കള്‍ ചേര്‍ത്തത്: പിടിച്ചെടുത്തത് 4000 കിലോ മാമ്പഴം

പരിശോധനയ്ക്കിടെ ഗോഡൗണുകളിൽ നിന്ന് പഴങ്ങളിൽ തളിക്കാൻ ഉപയോഗിച്ച ചില രാസവസ്തുക്കളും ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

Update: 2021-06-13 15:40 GMT

ട്രിച്ചി: അപകടകരമായ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച 4000 കിലോ മാമ്പഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പിടിച്ചെടുത്തു. തമിഴ്‌നാട് ട്രിച്ചിയിലെ ഗാന്ധി മാർക്കറ്റിൽ നിന്നാണ് രാസവസ്തുക്കൾ വിതറി കൃത്രിമമായി പഴുപ്പിച്ച 4,000 കിലോ മാമ്പഴം പിടിച്ചെടുത്തത്.

മാങ്ങകൾ കൃത്രിമമായി പഴുപ്പിക്കുന്നുവെന്ന് സുചന ലഭിച്ചതിനെത്തുടർന്ന് ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ട്രിച്ചി ഗാന്ധി മാർക്കറ്റിലെ പത്ത് ഗോഡൗണുകളിൽ നടത്തിയ റെയ്ഡിലാണ് മാങ്ങ പിടിച്ചത്.

ട്രിച്ചിയിലെ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഓഫീസർ ആർ രമേശ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് നഗരത്തിലെ ഗാന്ധി മാർക്കറ്റിൽ പത്തോളം മാമ്പഴ സംഭരണ ഗോഡൗണുകളിൽ മിന്നൽ പരിശോധന നടത്തിയത്. രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം ആരോഗ്യത്തിന് ഹാനികരമാണ്.

പരിശോധനയ്ക്കിടെ ഗോഡൗണുകളിൽ നിന്ന് പഴങ്ങളിൽ തളിക്കാൻ ഉപയോഗിച്ച ചില രാസവസ്തുക്കളും ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രാസവസ്തുക്കൾ തളിച്ച് പാകമായ 4,000 കിലോഗ്രാം മാമ്പഴം നാല് ഗോഡൗണുകളിൽ നിന്ന് പിടിച്ചെടുത്തുവെന്ന് ഡോ. രമേശ് ബാബു പത്രക്കുറിപ്പിൽ അറിയിച്ചു. പിടിച്ചെടുത്ത മാമ്പഴം പിന്നീട് അരിയമംഗലത്തെ കോർപറേഷൻ മാലിന്യക്കൂമ്പാരത്തിൽ നഗരസഭ, പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നശിപ്പിച്ചു.