അസമിലെ പൊതുനിരത്തില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകന്റെ ചിത്രം വരച്ചവര്‍ അറസ്റ്റില്‍; ചിത്രം മായ്പ്പിച്ച് പോലിസ്

ബിജെപി ഭരിക്കുന്ന അസമില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ അഖില്‍ ഗൊഗോയ് എന്ന വിദ്യാര്‍ഥി നേതാവിന്റെ ചിത്രമാണ് ആന്‍ഗ ആര്‍ട്ട് കലക്ടിവ് എന്ന ചിത്രകാരന്‍മാരുടെ കൂട്ടായ്മ ഗുവാഹത്തിയിലെ ദേശീയപാത 37 ലുള്ള സുരക്ഷാമതിലിന്‍മേല്‍ വരച്ചത്. പോലിസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വലതുകൈ ഉയര്‍ത്തിക്കാണിക്കുന്ന അഖില്‍ ഗൊഗേയിയുടെ ചിത്രമാണ് ചുമരില്‍ പകര്‍ത്തിയിരുന്നത്.

Update: 2020-11-20 06:41 GMT

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് അസമില്‍ നേതൃത്വം കൊടുത്തതിന്റെ പേരില്‍ ഒരുവര്‍ഷമായി ജയിലില്‍ അടയ്ക്കപ്പെട്ട വിദ്യാര്‍ഥി നേതാവിന്റെ ചിത്രം പൊതുസ്ഥലത്ത് വരച്ചതിന് നാല് ചിത്രകാരന്‍മാരെയും ഒരു വിദ്യാര്‍ഥി നേതാവിനെയും പോലിസ് അറസ്റ്റുചെയ്തു. നാലുമണിക്കൂറിനുശേഷം ഇവരെ വിട്ടയച്ചെങ്കിലും പോലിസ് ഇവരെക്കൊണ്ട് പൊതുനിരത്തിലെ ചുവരില്‍ വരച്ച ചിത്രം വൈറ്റ് വാഷ് ഉപയോഗിച്ച് മായ്പിച്ചതായി ദി ടെലഗ്രാഫ് റിപോര്‍ട്ട് ചെയ്തു.

ബിജെപി ഭരിക്കുന്ന അസമില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ അഖില്‍ ഗൊഗോയ് എന്ന വിദ്യാര്‍ഥി നേതാവിന്റെ ചിത്രമാണ് ആന്‍ഗ ആര്‍ട്ട് കലക്ടിവ് എന്ന ചിത്രകാരന്‍മാരുടെ കൂട്ടായ്മ ഗുവാഹത്തിയിലെ ദേശീയപാത 37 ലുള്ള സുരക്ഷാമതിലിന്‍മേല്‍ വരച്ചത്. പോലിസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വലതുകൈ ഉയര്‍ത്തിക്കാണിക്കുന്ന അഖില്‍ ഗൊഗേയിയുടെ ചിത്രമാണ് ചുമരില്‍ പകര്‍ത്തിയിരുന്നത്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന അസമിലെ ക്രിഷക് മുക്തി സംഗ്രാം സമിതിയും (കെഎംഎസ്എസ്) ഇതിന്റെ വിദ്യാര്‍ഥി സംഘടനയായ അസം മുഖ്യ സംഗ്രാം സമിതിയും (എസ്എംഎസ്) പോലിസ് നടപടിയില്‍ ശക്തമായി പ്രതിഷേധിച്ചു.

പോലിസിന്റെ നടപടി ജനാധിപത്യത്തിന് ഗുണകരമല്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. അനീതിക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകമെന്ന നിലയ്ക്കാണ് അഖിലിന്റെ ചിത്രം വരച്ചതെന്ന് ചിത്രകാരനും ഡല്‍ഹി കോളജ് ഒഫ് ആര്‍ട്‌സിലെ അധ്യാപകനുമായ ദ്രുപജിത് ശര്‍മ പറഞ്ഞു. 2019 ഡിസംബറില്‍ 12ന് അസമില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം കത്തിനില്‍ക്കവെയാണ് അറസ്റ്റുചെയ്യപ്പെട്ട അഖില്‍ ഇപ്പോഴും ജയിലിലാണ്. പോലിസുകാരുടെ സാന്നിധ്യത്തിലാണ് തങ്ങളെക്കൊണ്ട് ചിത്രം മായ്പിച്ചതെന്ന് ശര്‍മ പറഞ്ഞു. ചിത്രം വരയ്ക്കാന്‍ ആറുമണിക്കൂര്‍ എടുത്തെങ്കില്‍, മായ്ച്ചുകളയാന്‍ അഞ്ചുമിനിറ്റേ വേണ്ടി വന്നുള്ളുവെന്നും ശര്‍മ ചൂണ്ടിക്കാട്ടി.

പൊതുസ്ഥലത്ത് ചിത്രം വരയ്ക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് പറഞ്ഞാണ് പോലിസ് തങ്ങളെ ബുധനാഴ്ച അറസ്റ്റുചെയ്തത്. പൊതുസ്ഥലത്ത് ഭുപെന്‍ ഹസാരികയെപ്പോലുള്ള കലാകാരന്‍മാരുടെ ചിത്രം വരയ്ക്കുന്നതിന് പ്രശ്‌നമില്ല. എന്നാല്‍, പ്രക്ഷോഭകാരികളുടെ പടം വരയ്ക്കാനാവില്ലെന്നുമാണ് പോലിസിന്റെ നിലപാടെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ സ്വത്തില്‍ പ്രത്യേകിച്ച് അറസ്റ്റിലായ ആളുകളുടെ ചിത്രങ്ങളൊന്നും വരയ്ക്കാനാവില്ലെന്ന് സംഘത്തോട് പോലിസ് പറഞ്ഞതായി വിദ്യാര്‍ഥി സംഘടനയായ അസം മുഖ്യ സംഗ്രാം സമിതി അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി പ്രഞ്ജല്‍ കലിത ചൂണ്ടിക്കാട്ടുന്നു.

അഖിലിന്റെ മോചനത്തിനായുള്ള ഞങ്ങളുടെ ആവശ്യം ഉയര്‍ത്തിക്കാട്ടുന്നതിനാണ് മതിലില്‍ ചിത്രം വരച്ചത്. ഇത് ജനാധിപത്യത്തിന് നല്ല അടയാളമല്ലെന്നും അഭിപ്രായസ്വാതന്ത്ര്യമില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും കലിത ടെലഗ്രാഫിനോട് പറഞ്ഞു. അനുവാദമില്ലാതെ അവര്‍ക്ക് സര്‍ക്കാര്‍ സ്വത്തില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയില്ലെന്ന് അവരോട് പറഞ്ഞതായും അത് ചോദ്യം ചെയ്യാനാണ് വിളിച്ചുവരുത്തിയതെന്നും ബസിസ്ത പോലിസ് സ്റ്റേഷന്‍ ഓഫിസര്‍ പി പി ഗോഗോയ് പ്രതികരിച്ചു.

Tags: