കെജ് രിവാളിന്റെ അറസ്റ്റ്; ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയാന്‍ എഎപി ആഹ്വാനം

Update: 2024-03-26 04:40 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ ആം ആദ്മി പാര്‍ട്ടി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാന്‍ പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ മാര്‍ച്ചിന് പോലിസ് അനുമതി നല്‍കിയിട്ടില്ല. അനുമതിയില്ലെങ്കിലും മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് എഎപി തീരുമാനം.

സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധവും ആം ആദ്മി പാര്‍ട്ടി നടത്തും. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഡല്‍ഹി മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ തടയാന്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഡല്‍ഹി പോലിസ് ഒരുക്കിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അതിനിടെ കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സമൂഹ മാധ്യമ കാംപയിന്‍ ഇന്നലെ എഎപി ആരംഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രൊഫൈല്‍ പിക്ചര്‍ ആണ് കാംമ്പയിന്‍ ആരഭിച്ചിരിക്കുന്നത്. 'മോദി കാ സബ്‌സാ ബടാ ഡര്‍ കെജ്രിവാള്‍' (മോദിയുടെ ഏറ്റവും വലിയ പേടി കെജ്രിവാള്‍) എന്ന ഹാഷ് ടാഗോടെയാണ് പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിയത്. എഎപി നേതാക്കളും പ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളില്‍ പുതിയ ചിത്രം പോസ്റ്റ് ചെയ്തു.





Tags: