വാട്സ്ആപ്പിലൂടെ മാത്രം നോട്ടിസ് നല്‍കിയുള്ള അറസ്റ്റ് നിയമപരമല്ല: രാജസ്ഥാന്‍ ഹൈക്കോടതി
ജയ്പൂര്‍: വാട്ട്‌സ്ആപ്പ് വഴി മാത്രം നല്‍കുന്ന നോട്ടിസ് അറസ്റ്റിന് അടിസ്ഥാനമാകില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. രാജസ്ഥാന്‍ സ്‌കില്‍ ആന്‍ഡ് ലൈവ്‌ലിഹുഡ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കൈക്കൂലി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രവി മീണ എന്നയാളുടെ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ രവി മീണയെ അറസ്റ്റ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥനും അന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) എഎസ്പി ആയിരുന്ന പുഷ്പേന്ദ്ര സിംഗ് റാത്തോഡിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. രവി മീണയുടെ ഹരജിയില്‍ ജസ്റ്റിസ് പ്രവീര്‍ ഭട്നഗറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2023 ഫെബ്രുവരി 1 നാണ് എസിബി പരാതിക്കാരനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ്, അന്വേഷണ ഉദ്യോഗസ്ഥന്‍ 2023 ജനുവരി 25 ന് വാട്ട്‌സ്ആപ്പ് വഴി നോട്ടീസ് അയച്ചിരുന്നു. ജനുവരി 31 ന് ഹാജരാകാന്‍ ആയിരുന്നു നിര്‍ദേശം. എന്നാല്‍ ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി ഹരജിക്കാരന്‍ കൂടുതല്‍ സമയം തേടി. ഇത്തരം ഒരു ആശയവിനിമയം നിലനില്‍ക്കെ എസിബി റാണയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസിബി നടപടി സെക്ഷന്‍ 41 എ സിആര്‍പിസിയുടെ വ്യക്തമായ ലംഘനമാണെന്നായിരുന്നു ഹരജിക്കാരന്‍ ഉയര്‍ത്തിയ വാദം. അറസ്റ്റിന് മുമ്പ് ശരിയായ ഹാജരാകല്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ല. ഈ നടപടി നിയമത്തെയും കോടതിയെയും അവഹേളിക്കുന്നതിന് തുല്യമാണെന്നും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതിയലക്ഷ്യ നടപടികള്‍ വേണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം.
