വിദ്വേഷപരാമര്‍ശത്തില്‍ 280 തവണ മാപ്പുപറയാം; അര്‍ണബ് ബ്രിട്ടീഷ് സര്‍ക്കാരിനയച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു

ആദ്യമായാണ് ചാനലിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു നിയമലംഘനം സംഭവിക്കുന്നത്. ആദ്യം ഓഫ്‌കോമിനോട് ക്ഷമാപണം നടത്തുന്ന ചാനല്‍, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രേക്ഷകരോട് 280 തവണ മാപ്പുപറയാന്‍ തയ്യാറാണ്. 2020 ഫെബ്രുവരി 26നും ഏപ്രില്‍ 9നും ഇടയിലായി 280 തവണ തങ്ങളുടെ ക്ഷമാപണം ചാനലില്‍ സംപ്രേക്ഷണം ചെയ്യുമെന്നാണ് റിപബ്ലിക് ഭാരത് പറയുന്നത്.

Update: 2020-12-24 17:44 GMT

ന്യൂഡല്‍ഹി: വിദ്വേഷപരാമര്‍ശം നടത്തിയതിന്റെ പേരില്‍ റിപബ്ലിക് ഭാരതിന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റ് റെഗുലേറ്ററി അതോറിറ്റിയായ ഓഫ്‌കോം 20 ലക്ഷം രൂപ പിഴ ചുമത്തിയതിന് പിന്നാലെ മാപ്പപേക്ഷിച്ച് അര്‍ണബ് ഗോ സ്വാമി അയച്ച കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ 280 തവണ മാപ്പ് പറയാമെന്നാണ് അര്‍ണബ് ഓഫ്‌കോമിന് അയച്ച കത്തില്‍ അപേക്ഷിക്കുന്നത്. എന്നാല്‍, അര്‍ണബിന്റെ അപേക്ഷ തള്ളിയ ഓഫ്‌കോം കഴിഞ്ഞദിവസം റിപബ്ലിക് ഭാരതിന് 20 ലക്ഷം രൂപ പിഴ വിധിക്കുകയാണുണ്ടായത്.


  അര്‍ണബ് അയച്ച കത്തിനെ ആഘോഷമാക്കിയിരിക്കുകയാണ് സാമൂഹികമാധ്യമങ്ങള്‍. അര്‍ണബ് ഗോസ്വാമി സവര്‍ക്കറുടെ ക്ഷമാപണ റെക്കോര്‍ഡുകള്‍ തകര്‍ത്തെന്ന് പറഞ്ഞാണ് കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആന്തമാനില്‍ തടവുശിക്ഷ അനുഭവിച്ച സവര്‍ക്കര്‍ താന്‍ ഇനി മുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പ്രവര്‍ത്തിക്കില്ലെന്ന് മാപ്പെഴുതി നല്‍കിയതിന്റെ ഫലമായി 1924 ല്‍ ജയില്‍ മോചിതനായ സംഭവത്തോടാണ് സമൂഹമാധ്യമങ്ങള്‍ അര്‍ണബിനെ ഉപമിക്കുന്നത്.

ആദ്യമായാണ് ചാനലിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു നിയമലംഘനം സംഭവിക്കുന്നത്. ആദ്യം ഓഫ്‌കോമിനോട് ക്ഷമാപണം നടത്തുന്ന ചാനല്‍, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രേക്ഷകരോട് 280 തവണ മാപ്പുപറയാന്‍ തയ്യാറാണ്. 2020 ഫെബ്രുവരി 26നും ഏപ്രില്‍ 9നും ഇടയിലായി 280 തവണ തങ്ങളുടെ ക്ഷമാപണം ചാനലില്‍ സംപ്രേക്ഷണം ചെയ്യുമെന്നാണ് റിപബ്ലിക് ഭാരത് പറയുന്നത്. അര്‍ണബ് ഗോ സ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപബ്ലിക് ടിവിയുടെ ഹിന്ദി ചാനലാണ് റിപബ്ലിക് ഭാരത്. 2019ല്‍ അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച പൂച്ഛാ ഹേ ഭാരത് എന്ന പരിപാടിയില്‍ അവതാരകനും അതിഥികളും സംപ്രേക്ഷണ നിയമങ്ങള്‍ ലംഘിച്ചെവന്നാരോപിച്ച് യുകെ ബ്രോഡ്കാസ്റ്റിങ് റെഗുലേറ്ററായ ഓഫ്‌കോം 20,000 പൗണ്ട് (20 ലക്ഷം രൂപ) പിഴ ചുമത്തുകയായിരുന്നു.

പാകിസ്താന്‍ ജനതയ്‌ക്കെതിരേ പരിപാടിയില്‍ അര്‍ണബും അതിഥികളും നിരന്തരം വിദ്വേഷപ്രചാരണം നടത്തിയെന്നായിരുന്നു ഓഫ്‌കോമിന്റെ കണ്ടെത്തല്‍. ബ്രോഡ്കാസ്റ്റിങ്, ടെലികമ്മ്യൂണിക്കേഷന്‍സ്, പോസ്റ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച സംഘടനയാണ് ഓഫ്‌കോം. 2019 സപ്തംബര്‍ ആറിന് അര്‍ണബ് അവതരിപ്പിച്ച പരിപാടിയില്‍ പാകിസ്താനിലെ ജനങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്ന ഭാഷയും പരാമര്‍ശങ്ങളും ഉപയോഗിച്ചെന്ന് ഓഫ്‌കോം റിപബ്ലിക് ഭാരതിന് നല്‍കിയ നോട്ടീസില്‍ പറയുന്നു.

പരിപാടി അവതരിപ്പിച്ച റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബും അതിഥിയായെത്തിയ ആളുകളും പാകിസ്താനി ജനങ്ങളെ അപമാനിച്ചെന്നും പരിപാടിയുടെ ഉള്ളടക്കം വിദ്വേഷപരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യവുമായും ബഹിരാകാശ മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുമായും ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച നടന്നത്. പരിപാടിയില്‍ പാകിസ്താനില്‍നിന്നുള്ള അതിഥികളെയും പങ്കെടുപ്പിച്ചിരുന്നു.

എന്നാല്‍, റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പാകിസ്താന്‍ പ്രതിനിധികളെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. അവര്‍ക്കുനേരേ ആക്രോശിച്ചു. പാകിസ്താനിലെ ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, നേതാക്കള്‍, രാഷ്ട്രീയക്കാര്‍ എല്ലാവരും തീവ്രവാദികളാണെന്നാണ് അതിഥികളിലൊരാള്‍ പറഞ്ഞത്. അവരുടെ കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും എല്ലാ കുട്ടികളും അവിടെ തീവ്രവാദികളാണ്. ഞങ്ങള്‍ ശാസ്ത്രജ്ഞരാക്കുന്നു, നിങ്ങള്‍ തീവ്രവാദികളാക്കുന്നു എന്നാണ് അര്‍ണബ് പാകിസ്താന്‍ ജനതയോട് പറഞ്ഞത്. ഇതൊക്കെ കണക്കിലെടുത്താണ് നടപടിയെന്ന് ഓഫ്‌കോം റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Tags: