അര്‍നബിന് ഇടക്കാല ജാമ്യമില്ല; സെഷന്‍സ് കോടതിയെ സമീപിക്കാമെന്ന് ബോംബെ ഹൈക്കോടതി

ജാമ്യാപേക്ഷയില്‍ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്ന അര്‍നബിന്റെ ആവശ്യം കോടതി നിരസിച്ചു. കേസില്‍ കക്ഷികള്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാന്‍ സമയം ആവശ്യമാണെന്ന് ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, എം എസ് കര്‍ണിക് എന്നിവര്‍ ചൂണ്ടിക്കാട്ടി.

Update: 2020-11-07 19:02 GMT

മുംബൈ: ആത്മഹത്യാപ്രേരണാ കേസില്‍ അറസ്റ്റിലായ റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായില്ല. അത്യാവശ്യമെങ്കില്‍ അര്‍നബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു. അതേസമയം, എഫ്ഐആര്‍ റദ്ദാക്കണമെന്ന അര്‍നബ് ഉള്‍പ്പടെയുള്ള പ്രതികളുടെ ഹരജി വിധിപറയാന്‍ മാറ്റി. കോടതിയുടെ ദീപാവലി അവധി ആരംഭിച്ചെങ്കിലും കേസ് പരിഗണിക്കാന്‍ വേണ്ടിയാണ് പ്രത്യേക സിറ്റിങ് നടത്തിയത്.

ബുധനാഴ്ചയാണ് അര്‍നബിനെ മുംബൈ പോലിസ് അറസ്റ്റുചെയ്യുന്നതും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതും. തനിക്കെതിരേയുള്ള ''നിയമവിരുദ്ധ അറസ്റ്റ്'' ചോദ്യംചെയ്ത് ഗോസ്വാമി ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കി.  2018 ല്‍ സമര്‍പ്പിച്ച ആദ്യത്തെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ഉടന്‍ മോചിപ്പിക്കണമെന്നും അര്‍നബ് ആവശ്യപ്പെട്ടു. ജാമ്യാപേക്ഷയില്‍ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്ന അര്‍നബിന്റെ ആവശ്യം കോടതി നിരസിച്ചു. കേസില്‍ കക്ഷികള്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാന്‍ സമയം ആവശ്യമാണെന്ന് ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, എം എസ് കര്‍ണിക് എന്നിവര്‍ ചൂണ്ടിക്കാട്ടി.

കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍ സെക്ഷന്‍ 439 പ്രകാരം ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കുന്നതില്‍ തടസ്സമില്ല. അത്തരമൊരു അപേക്ഷ സമര്‍പ്പിക്കുന്നകാര്യത്തില്‍ നാലുദിവസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കസ്റ്റഡി നിഷേധിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരേ പോലിസ് നല്‍കിയ പുനപ്പരിശോധനാ ഹരജി അലിബാഗ് മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇതിന് ശേഷമാവും അര്‍നബ് സെഷന്‍സ് കോടതിയില്‍ പോവുക.

നിലവില്‍ അലിബാഗിലെ പ്രത്യേക ജയിലിലാണ് അര്‍നബ് കഴിയുന്നത്. 2018ല്‍ കോണ്‍കോര്‍ഡ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി അന്‍വയ് നായിക്കും അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് അര്‍നബിനെ അറസ്റ്റുചെയ്തത്. അര്‍നബ് ഉള്‍പ്പടെ മൂന്നുപേരെയാണ് ആത്മഹത്യാപ്രേരണ കുറ്റത്തിന് അറസ്റ്റുചെയ്തത്. മുംബൈയില്‍ നിന്ന് അറസ്റ്റുചെയ്ത അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Tags:    

Similar News