പട്ടികജാതി- പട്ടിക വര്‍ഗ ജീവനക്കാരുടെ നിയമനം; സുപ്രിംകോടതി സംവരണം നയം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: പട്ടികജാതി- പട്ടിക വര്‍ഗ ജീവനക്കാരുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സുപ്രിംകോടതി സംവരണ നയം പ്രഖ്യാപിച്ചു. കോടതിയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് എസ്-സി, എസ്-ടി വിഭാഗത്തിനായി സംവരണമേര്‍പ്പെടുത്തുന്നത്. പുതിയ സംവരണനയം അനുസരിച്ച്, പട്ടികജാതി ജീവനക്കാര്‍ക്ക് 15 ശതമാനം ക്വാട്ടയും പട്ടിക വര്‍ഗ ജീവനക്കാര്‍ക്ക് 7.5 ശതമാനം ക്വാട്ടയും ലഭിക്കും. രജിസ്ട്രാര്‍മാര്‍, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍, അസിസ്റ്റന്റ് ലൈബ്രേറിയന്മാര്‍, ജൂനിയര്‍ കോടതി അസിസ്റ്റന്റുമാര്‍, ചേംബര്‍ അറ്റന്‍ഡന്റുമാര്‍ എന്നിവര്‍ക്ക് സംവരണ ആനുകൂല്യമുണ്ട്. ഇനിമുതല്‍, സുപ്രിംകോടതി ജീവനക്കാരില്‍ പട്ടികജാതി, പട്ടികവര്‍ഗം, പൊതുവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണുണ്ടാവുക.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹൈകോടതികളിലും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണമുള്ളപ്പോള്‍ സുപ്രിംകോടതി മാത്രം എന്തുകൊണ്ട് മാറിനില്‍ക്കണമെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയ സാഹചര്യത്തിലാണ് കോടതി നടപടി. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ഇപ്പോഴും സംവരണം ബാധകമല്ല. സംവരണം പൂര്‍ണമായി നടപ്പിലാക്കുമ്പോള്‍ സുപ്രീംകോടതിയുടെ ആഭ്യന്തര ഭരണത്തില്‍ മിനിമം 600 ജീവനക്കാര്‍ പട്ടികജാതി, പട്ടിക വിഭാഗങ്ങളില്‍ നിന്നുളളവരുണ്ടാകും.