ജമ്മു കശ്മീർ അപ്നി പാർട്ടി നേതാവ് ​​ഗുലാം ഹസ്സൻ ലോൺ സായുധാക്രമണത്തിൽ കൊല്ലപ്പെട്ടു

കഴിഞ്ഞ പത്ത് ദിവസത്തിനിടെ നടന്ന നാലാമത്തെ സമാന സംഭവമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

Update: 2021-08-20 00:59 GMT

ശ്രീന​ഗർ: ജമ്മു കശ്മീർ അപ്നി പാർട്ടി നേതാവ് ​​ഗുലാം ഹസ്സൻ ലോൺ സായുധാക്രമണത്തിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച കുൽ​ഗാം ജില്ലയിലെ ദേവ്സാറിലെ വസതിയിൽ വച്ച് അജ്ഞാതർ അദ്ദേഹത്തെ വെടിവച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നടന്ന നാലാമത്തെ സമാന സംഭവമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവർ കൊലപാതകത്തെ അപലപിച്ചു. ഗുലാം ഹസ്സൻ ലോണിന്റെ കൊലപാതകത്തിൽ ഖേദിക്കുന്നതായി ഒമർ പ്രതികരിച്ചു. മുഖ്യധാരാ രാഷ്ട്രീയക്കാരെ സായുധ സംഘടനകൾ ലക്ഷ്യമിടുന്ന ഈ പുതിയ പ്രവണത വളരെ ആശങ്കാജനകമാണ്, അതിനെ ഏറ്റവും ശക്തമായി അപലപിക്കുന്നതായും ഒമർ ട്വീറ്റ് ചെയ്തു.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം 2020 മാർച്ചിലാണ് അപ്നി പാർട്ടി രൂപീകരിച്ചത്. ആദ്യമായാണ് ഈ പാർട്ടിയിലെ ഒരു പ്രവർത്തകൻ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. കാശ്മീരിൽ ഒരു ബദൽ രാഷ്ട്രീയ ഘടന സൃഷ്ടിക്കുന്നതിനും പരമ്പരാഗത പ്രാദേശിക മുഖ്യധാരാ പാർട്ടികളെ മാറ്റിസ്ഥാപിക്കുന്നതിനും കേന്ദ്രത്തിൽ നിന്നുള്ള മൗന പിന്തുണയോടെയാണ് പാർട്ടി ആരംഭിച്ചത്. മെഹ്ബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ നേതാവാണ് അപ്നി പാർട്ടി തലവൻ അൽത്താഫ് ബുഖാരി.