സിഖ് വിരുദ്ധ കലാപം; മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കി
ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ജനക്പുരി, വികാസ്പുരി എന്നീ പ്രദേശങ്ങളില്‍ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്ന കേസില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിനെ ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കി. ജസ്റ്റിസ് ഡിഗ് വിനയ് സിങ്ങാണ് വാക്കാലുള്ള വിധി പ്രസ്താവിച്ചത്. വിശദമായ ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
2023 ഓഗസ്റ്റില്‍ കലാപം, ശത്രുത വളര്‍ത്തല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ സജ്ജന്‍ കുമാറിനെതിരേ ചുമത്തിയിരുന്നു. കലാപത്തിനിടെ രണ്ട് പേര്‍ സരസ്വതി വിഹാര്‍ പ്രദേശത്ത് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. നിലവില്‍ മറ്റൊരു കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുകയാണ് സജ്ജന്‍ കുമാര്‍.
1984 നവംബര്‍ 1 ന് ജസ്വന്ത് സിങ്ങിന്റെയും മകന്‍ തരുണ്‍ദീപ് സിങ്ങിന്റെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. പഞ്ചാബ് ബാഗ് പോലിസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പ്രത്യേകഅന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു. 2021 ഡിസംബര്‍ 16ന് സജ്ജന്‍ കുമാറിനെതിരേ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് കുറ്റം ചുമത്തുകയായിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് പ്രതികാരം ചെയ്യുന്നതിനായി മാരകായുധങ്ങളുമായി സജ്ജന്‍ കുമാര്‍ വലിയ തോതില്‍ കൊള്ളയടിക്കലും, തീവയ്പ്പും, സിഖുകാരുടെ സ്വത്തുക്കള്‍ നശിപ്പിക്കലും നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം.
പരാതിക്കാരനായ ജസ്വന്തിന്റെ ഭാര്യയുടെ വീട് ആക്രമിച്ച ജനക്കൂട്ടം ഭര്‍ത്താവിനെയും മകനെയും കൊലപ്പെടുത്തുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും അവരുടെ വീട് കത്തിക്കുകയും ചെയ്തുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.
